ഇന്ദ്രാണി മുഖർജിയെ കുറിച്ച നെറ്റ്ഫ്ലിക്സ് പരമ്പര: സ്റ്റേ ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ
text_fieldsമുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെ കുറിച്ച നെറ്റ്ഫ്ലിക്സ് പരമ്പരയുടെ സ്ട്രീമിങ്ങിന് സ്റ്റേ ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ. ‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’ എന്ന പേരിലുള്ള ഡോക്യുമെന്ററി പരമ്പര ഫെബ്രുവരി 23ന് പുറത്തെത്താനിരിക്കെയാണ് മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്.
വിചാരണ പൂർത്തിയാകുംവരെ പരമ്പര സംപ്രേഷണം ചെയ്യുന്നത് നീട്ടിവെക്കണമെന്നാണ് ആവശ്യം. പരാതിയിൽ കോടതി നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഫെബ്രുവരി 20ന് വാദം കേൾക്കൽ തുടങ്ങും.
ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളായ ഷീന ബോറയെ ഡ്രൈവർ ശ്യാംവർ റായ്, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന എന്നിവർക്കൊപ്പം ചേർന്ന് 2012 ഏപ്രിലിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. ഷീനയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മുംബൈയുടെ അയൽജില്ലയായ റായ്ഗഡിലെ വനത്തിൽനിന്ന് കണ്ടെടുത്തിരുന്നു. മറ്റൊരു കേസിൽ പിടിയിലായ ഡ്രൈവർ ശ്യാംവർ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് 2015ലാണ് പ്രതികളായ മൂവരും അറസ്റ്റിലായിരുന്നത്. ആറര വർഷത്തെ ജയിൽ വാസത്തിനൊടുവിൽ 2022 മേയിൽ ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചിരുന്നു. മറ്റു രണ്ടു പ്രതികളും ജാമ്യം നേടി പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.