‘സി.ബി.ഐ ഞങ്ങളുടെ നിയന്ത്രണത്തിലല്ല’; ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രത്തിന്റെ മറുപടി
text_fieldsന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), യൂനിയൻ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലല്ലെന്ന് സുപ്രീം കോടതിയിൽ മറുപടി നൽകി കേന്ദ്രം. സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലാണ് മറുപടി. ഹരജിയിൽ പ്രാഥമിക എതിർപ്പ് കേന്ദ്രം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.
സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കേസുകളിൽ ഫെഡറൽ ഏജൻസികൾക്ക് നൽകിയ അനുമതി പിൻവലിച്ചിട്ടും സി.ബി.ഐ, എഫ്.ഐ.ആർ ഫയൽ ചെയ്യുകയും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തെന്ന് ഉന്നയിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരമാണ് കേന്ദ്രത്തിനെതിരെ പശ്ചിമ ബംഗാൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേന്ദ്രവും ഒന്നോ ഒന്നിലധികം സംസ്ഥാനവും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതിയുടെ യഥാർഥ അധികാരപരിധി വിശദീകരിക്കുന്നതാണ് ആർട്ടിക്കിൾ 131.
ആർട്ടിക്കിൾ 131 ഭരണഘടനയിലെ പവിത്രമായ ഭാഗമാണെന്നും അത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്തത് യൂനിയൻ ഓഫ് ഇന്ത്യയല്ലെന്നും സി.ബി.ഐ ആണെന്നും മേത്ത പറഞ്ഞു. ഈ വിഷയത്തിൽ വാദം കേൾക്കൽ തുടരുകയാണ്. ജസ്റ്റിസ് ബി.ആർ. ഗവായും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് വാദം കേൾക്കുന്നത്.
2018 നവംബർ 16 ന് പശ്ചിമ ബംഗാൾ സർക്കാർ സി.ബി.ഐക്ക് സംസ്ഥാനത്ത് റെയിഡുകൾ നടത്തുവാനുള്ള പൊതു സമ്മതം പിൻ വലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.