റബ്‌റി ദേവിയെ സി.ബി.ഐ ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി/പട്ന: റെയിൽവേ ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി റബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിലെത്തി സി.ബി.ഐ സംഘം ചോദ്യം ചെയ്തു. മുൻകൂർ നോട്ടീസ് നൽകിയ ശേഷമായിരുന്നു നടപടി. കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചുവെന്നും മുൻ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ മാർച്ച് 15ന് ഹാജരാകാൻ പ്രത്യേക കോടതി സമൻസ് അയച്ചതായും സി.ബി.ഐ വെളിപ്പെടുത്തി.
ലാലുവിനെ ചോദ്യംചെയ്യാൻ നോട്ടീസ് അയച്ചെന്നുപറഞ്ഞ സംഘം നിശ്ചയിച്ച തീയതി വെളിപ്പെടുത്തിയില്ല. കേസിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് റബ്‌റി ദേവിയെ ചോദ്യംചെയ്തതെന്നും അവർ പറഞ്ഞു. കേസിൽ ചില അധിക രേഖകൾ ലാലുപ്രസാദിന്റെ കുടുംബത്തിൽനിന്ന് ആവശ്യപ്പെട്ടേക്കും.
2004-2009 കാലയളവിൽ മുംബൈ, ജബൽപുർ, കൊൽക്കത്ത, ജയ്പുർ, ഹാജിപുർ റെയിൽവേ സോണുകളിൽ ബിഹാറിലെ പട്നയിൽനിന്നുള്ളവരെ ഗ്രൂപ് ഡി തസ്തികകളിൽ താൽക്കാലികമായി നിയമിക്കുകയായിരുന്നു. ഇതിന് പകരം, വ്യക്തികളോ കുടുംബാംഗങ്ങളോ അവരുടെ ഭൂമി ലാലുപ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിലും എ.കെ. ഇൻഫോ സിസ്റ്റംസ് കമ്പനിയുടെ പേരിലും കൈമാറിയെന്നാണ് കേസ്. താൽക്കാലികക്കാരെ നിയമിക്കാനുള്ള നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പാലിച്ചില്ലെന്നും പിന്നീട് ഇവരെ സ്ഥിരപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.