മദ്യനയം: മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യംചെയ്തു
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി (ആപ്) സർക്കാർ റദ്ദാക്കിയ മദ്യനയത്തിൽ അഴിമതിയാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ചോദ്യംചെയ്തു. വാഹനങ്ങളിലും കാൽനടയുമായി ആം ആദ്മി പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലേറി ആഘോഷമായാണ് സിസോദിയ ചോദ്യംചെയ്യലിനായി സി.ബി.ഐ ആസ്ഥാനത്തെത്തിയത്. തന്നെ അറസ്റ്റ് ചെയ്യുമെന്ന് മനീഷ് സിസോദിയ പറഞ്ഞപ്പോൾ ജയിൽ പൂട്ടുകൾ തകർക്കുമെന്നും മനീഷ് സിസോദിയ മോചിതനാകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിസോദിയയുടെ വിഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 11ന് സി.ബി.ഐ ആസ്ഥാനത്ത് തുടങ്ങിയ ചോദ്യംചെയ്യൽ പലഘട്ടങ്ങളിലായി തുടരുമെന്നായിരുന്നു സി.ബി.ഐ നൽകിയ സൂചന. സ്വകാര്യമേഖലക്ക് ബാറുകൾ അനുവദിച്ച ഡൽഹി സർക്കാറിന്റെ മദ്യനയത്തിൽ അഴിമതിയാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ അടുത്ത സഹായി വിജയ് നായരെയും വ്യവസായി അഭിഷേക് ബൊയിൻപള്ളിയെയും സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവർ നൽകിയ മൊഴികൾ സിസോദിയയുടെ മുമ്പാകെ വെച്ചായിരിക്കും ചോദ്യംചെയ്യുകയെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
കേന്ദ്രസർക്കാർതന്നെ ജയിലിലടക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ, ഭഗത് സിങ്ങിന്റെ പിൻഗാമിയായ താൻ ജയിലിനെ ഭയക്കുന്നില്ലെന്നും അനുയായികളുടെ കരഘോഷത്തിനിടെ സിസോദിയ പ്രഖ്യാപിച്ചു. ജയിലിൽ പോകാൻ ഭയമില്ലാത്തവരെ രാജ്യം വീണ്ടും തേടുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ താൻ പ്രചാരണം നടത്തുന്നത് തടയുന്നതിന് തന്നെ അറസ്റ്റ് ചെയ്യാനാണ് പദ്ധതിയെന്നും സിസോദിയ കൂട്ടിച്ചേർത്തു.
സി.ബി.ഐ ആസ്ഥാനത്തേക്ക് നടത്തിയ റോഡ് ഷോക്കിടെ രാജ്ഘട്ടിലെ ഗാന്ധിസ്മാരകം സന്ദർശിച്ച് നിരവധി സ്ഥലങ്ങളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ആം ആദ്മി പാർട്ടിയുടെ ശക്തിപ്രകടനത്തെ ബി.ജെ.പി വക്താവ് സംബിത് പത്ര അഴിമതിയുടെ ലോകകപ്പ് നേടിയ പോലെയാണ് റോഡ് ഷോയെന്ന് വിമർശിച്ചു. അഴിമതിയുടെ ആഘോഷമാണിതെന്നും അഴിമതിക്ക് ജയിലിലായ സത്യേന്ദ്ര ജയിൻ അടക്കമുള്ളവർ ആരും പിന്നീട് പുറത്തിറങ്ങിയിട്ടില്ലെന്നും പത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.