വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: മെഡിക്കൽ കോളജിലെ ക്രമക്കേടുകൾ കണ്ടെത്താൻ സി.ബി.ഐയുടെ വ്യാപക റെയ്ഡ്
text_fieldsകൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സിവിക് വളന്റിയർ സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കി. ഡൽഹിയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള സംഘമാണ് കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിലെത്തി പരിശോധന നടത്തിയത്. സംശയിക്കപ്പെടുന്ന മറ്റ് രണ്ടു പേർക്കും ഇയാൾക്കൊപ്പം നുണ പരിശോധന നടത്തി.
ശനിയാഴ്ച ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഉൾപ്പെടെ നാലുപേരെയും നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു.
നുണ പരിശോധനാ ഫലം കേസിന്റെ വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും കുറ്റകൃത്യം സംബന്ധിച്ച സൂചനകൾ ലഭിക്കാൻ അന്വേഷണ സംഘത്തെ സഹായിക്കും. ബോക്സർ കൂടിയായ സഞ്ജയ് റോയ് (33) ഗതാഗത നിയന്ത്രണത്തിനും മറ്റും പൊലീസിനെ സഹായിക്കുന്ന സിവിക് വളന്റിയറായി 2019 മുതൽ ജോലി ചെയ്തുവരുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇത് പ്രതിയെ സഹായിച്ചു. തുടർന്ന്, കൊൽക്കത്ത പൊലീസ് ക്ഷേമ ബോർഡിലേക്ക് മാറ്റം കിട്ടിയ ഇയാൾ സംഭവ സമയത്ത് ആർ.ജി കർ മെഡിക്കൽ കോളജിലെ പൊലീസ് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്.
അതിനിടെ, തങ്ങൾ അന്വേഷണം ഏറ്റെടുക്കുന്നതിനുമുമ്പ് തന്നെ കൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങൾ വരുത്തിയതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മറച്ചുവെക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്ന് സംശയിക്കുന്നതായും സി.ബി.ഐ പറഞ്ഞു.
മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, മുൻ മെഡിക്കൽ സൂപ്രണ്ടും വൈസ് പ്രിൻസിപ്പലുമായ സഞ്ജയ് വസിഷ്ഠ് എന്നിവർ ഉൾപ്പെടെ 13 പേരുടെ വസതികളിലും ഓഫിസുകളിലും പരിശോധന നടത്തി. ആശുപത്രിയിലേക്ക് സാമഗ്രികൾ വിതരണം ചെയ്തവരുടെ വസതികളും ഓഫിസുകളും പരിശോധന നടത്തിയവയിൽ ഉൾപ്പെടുന്നു.
കേന്ദ്ര സേനകളുടെ അകമ്പടിയോടെ സി.ബി.ഐയുടെ ഏഴംഗ സംഘമാണ് രാവിലെ ആറിന് ബെലിയഘട്ടയിലെ സന്ദീപ് ഘോഷിന്റെ വീട്ടിലെത്തിയത്. എന്നാൽ, വാതിൽ തുറക്കാത്തതിനാൽ ഒന്നര മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് സംഘത്തിന് അകത്തുകടക്കാനായത്. വിതരണക്കാരന്റെ ഹൗറയിലെ വീട്, മുൻ മെഡിക്കൽ സൂപ്രണ്ടിന്റെ മെഡിക്കൽ കോളജിലെ ഓഫിസ്, അക്കാദമിക് കെട്ടിടത്തിലെ കാന്റീൻ എന്നിവിടങ്ങളിലും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.