സി.ബി.ഐ ബിഹാറിൽ; രണ്ട് ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ റെയ്ഡ്
text_fieldsപട്ന: ബിഹാറിൽ രണ്ട് ആർ.ജെ.ഡി നേതാക്കളുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. രാജ്യസഭ എം.പി അഹ്മദ് അഷ്ഫാഖ് കരീം, എം.എൽ.സി സുനിൽ സിങ് എന്നീ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ലാലുപ്രസാദ് യാദവ് ഒന്നാം യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നടന്ന 'ജോലിക്ക് ഭൂമി' റെയിൽവേ ജോലി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നേതാക്കളുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്.
ബിഹാർ നിയമസഭയിൽ ഇന്ന് ജെ.ഡി(യു)-ആർ.ജെ.ഡി മഹാസഖ്യം വിശ്വാസവോട്ട് തേടുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രധാന നേതാക്കളുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ്. ബി.ജെ.പി സഖ്യം ഉപേക്ഷിച്ച ജെ.ഡി(യു) അധ്യക്ഷൻ നിതീഷ് കുമാർ ആർ.ജെ.ഡിയോടൊപ്പം ചേർന്നാണ് മഹാസഖ്യം രൂപീകരിച്ച് അധികാരത്തിലേറിയത്. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
മന:പൂർവമാണ് ഇന്നത്തെ റെയ്ഡെന്ന് സുനിൽ സിങ് പ്രതികരിച്ചു. ഭയപ്പെടുത്താനാണ് നീക്കം. അതുവഴി ഇന്നത്തെ വോട്ടെടുപ്പിൽ അംഗങ്ങൾ ബി.ജെ.പിക്ക് അനുകൂലമായി നിലകൊള്ളുമെന്നാണ് അവരുടെ കണക്കുകൂട്ടലെന്നും സുനിൽ സിങ് ആരോപിച്ചു.
മഹാസഖ്യ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും
ബിഹാറിൽ മഹാസഖ്യ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. നിയമസഭ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്ന് വിജയ് കുമാർ സിൻഹ പറഞ്ഞു . സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം .
ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിച്ചു എങ്കിലും വിശ്വാസ വോട്ട് തേടിയിരുന്നില്ല. ഇന്ന് വിശ്വാസവോട്ട് തേടുമ്പോൾ സ്പീക്കർ കസേരയിൽ ഉള്ളത് ബി.ജെ.പി നേതാവ് വിജയ് കുമാർ സിൻഹയാണ്. സ്പീക്കർ സ്ഥാനം രാജിവയ്ക്കില്ല എന്നാണ് സിൻഹയുടെ നിലപാട്. താൻ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും സിൻഹ പറയുന്നു.
സർക്കാർ വിശ്വാസ വോട്ട് തേടിയ ശേഷം സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്‍റെ വിശ്വാസ പ്രമേയവും സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയവും മഹാസഖ്യത്തിന് അനായാസം പാസാക്കാം. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാറിന് ഉള്ളത്. സ്പീക്കർ സ്ഥാനം ആർ.ജെ.ഡിക്ക് എന്നാണ് നിലവിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.