ഡൽഹി ഉപമുഖ്യമന്ത്രിയുടെ ഓഫിസിൽ സി.ബി.ഐ പരിശോധന; റെയ്ഡെന്ന് സിസോദിയ
text_fieldsന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസിൽ സി.ബി.ഐ പരിശോധന നടത്തി. ഡൽഹി മദ്യനയം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾക്കുവേണ്ടിയായിരുന്നു പരിശോധനയെന്ന് പൊലീസ് പറയുന്നു. മുമ്പ് തന്റെ ഓഫിസിൽ നടത്തിയ റെയ്ഡിൽ സംഭവിച്ചതുപോലെ ഇത്തവണയും സി.ബി.ഐക്ക് ഒന്നും കണ്ടെത്താനായില്ലെന്ന് സിസോദിയ ട്വീറ്റ് ചെയ്തു. എന്നാൽ, സെക്രട്ടേറിയറ്റിലെ സിസോദിയയുടെ ഓഫിസിൽ പരിശോധന നടന്നുവെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയപ്പോൾ, റെയ്ഡോ പരിശോധനയോ അല്ല, ചില രേഖകൾ ശേഖരിക്കാൻ വേണ്ടിയുള്ള സന്ദർശനം മാത്രമാണ് നടന്നതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
സി.ബി.ഐ തന്റെ വീട്ടിൽ മുമ്പ് പരിശോധന നടത്തിയിരുന്നെന്നും ലോക്കർ ഉൾപ്പെടെ തുറന്ന് പരിശോധിച്ചിരുന്നെന്നും സിസോദിയ ട്വീറ്റിൽ പറഞ്ഞു. തന്റെ സ്വദേശത്തും അന്വേഷണങ്ങൾ നടത്തി. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല. അതുപോലെ ഇന്നവർ എന്റെ ഓഫിസിലുമെത്തി. അവർക്ക് സ്വാഗതമെന്നും സിസോദിയ പരിഹസിച്ചു. ഡൽഹി സർക്കാർ മദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകിയതിനു പകരമായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് സി.ബി.ഐ കഴിഞ്ഞ വർഷം ലഫ്. ജനറൽ വി.കെ. സക്സേനയുടെ അനുമതിയോടെ അന്വേഷണം തുടങ്ങിയത്. സിസോദിയ ഉൾപ്പെടെ കുറച്ചുപേർക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. മണിക്കൂറുകളോളം സിസോദിയയെ അദ്ദേഹത്തിന്റെ വസതിയിൽ സി.ബി.ഐ അന്ന് ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.