മോദിയെ വിമർശിച്ച മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലികിന്റെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
text_fieldsന്യൂഡൽഹി: മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മലികിന്റെ കെട്ടിടത്തിൽ ഉൾപ്പടെ 30 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിർദേശമെന്ന് ‘ദ വയറി’ന് വേണ്ടി കരൺ ഥാപറിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തിയിരുന്നു.
സുരക്ഷ പാളിച്ചയെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും ഉപദേശിച്ചതായും മുൻ ബി.ജെ.പി നേതാവായ മലക് പറഞ്ഞു. ‘സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണിൽ പറഞ്ഞു.
ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്‍താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശ്ശബ്ദത പാലിച്ചു -സത്യപാൽ മലിക് വെളിപ്പെടുത്തി. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറയുന്നു.
അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും മലിക് അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും മലിക് ആരോപിച്ചു. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരിൽ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമായി മുൻ ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.