ഗുഡ്ക അഴിമതി: തമിഴ്നാട്ടിൽ മന്ത്രിയുടെയും ഡി.ജി.പിയുടെയും വസതികളിൽ സി.ബി.െഎ റെയ്ഡ്
text_fieldsചെന്നൈ: ഗുഡ്ക അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ തുടങ്ങി നിരവധി പ്രമുഖരുടെ വീടുകളിൽ സി.ബി.െഎ പരിശോധന. സംസ്ഥാനത്ത് നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിലിലാണ് മദ്രാസ് ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
ചെന്നൈ സിറ്റി പൊലീസ് മുൻ കമീഷണർ എസ്. ജോർജ്, മുൻ മന്ത്രി പി.വി. രമണ എന്നിവരുടേതും ഭക്ഷ്യസുരക്ഷ, വിൽപന നികുതി ഉദ്യോഗസ്ഥരുടേതുമുൾപ്പെടെ നാൽപതോളം ഇടങ്ങളിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് പരിശോധന തുടങ്ങിയത്. ഒാരോ കേന്ദ്രത്തിലും പത്തിലധികം സി.ബി.െഎ ഉദ്യോഗ്സഥർ ഉൾപ്പെട്ട പ്രത്യേക ടീമുകളാണ് പരിശോധന നടത്തുന്നത്. ചെന്നൈ ഗ്രീൻവേസ് റോഡിലെ മന്ത്രി സി. വിജയഭാസ്കറുടെയും മുകപ്പേറിലെ ഡി.ജി.പി ടി.കെ. രാജേന്ദ്രെൻറയും മധുരവയലിലെ ജോർജിെൻറയും വസതികളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
റെയ്ഡ് സമയത്ത് മന്ത്രി വിജയഭാസ്കർ വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിയുടെ പേഴ്സനൽ സെക്രട്ടറിയുടെ ഒാഫിസിലും വസതിയിലും റെയ്ഡ് നടന്നു. ചെന്നൈക്കു പുറമെ മധുര, തൂത്തുക്കുടി, കോയമ്പത്തൂർ, വിഴുപ്പുറം, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിൽനിന്ന് ലഭ്യമായ രേഖകളും മറ്റും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.