കർണാടക കോൺഗ്രസ് അധ്യക്ഷന്‍റെ വസതികളിൽ സി.ബി.ഐ റെയ്ഡ്
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്‍റെ വസതികളിലും മറ്റു കേന്ദ്രങ്ങളിലും സി.ബി.ഐ പരിശോധന. രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച കർണാടകയിൽ എത്താനിരിക്കെയാണിത്.
രാമനഗര ജില്ലയിലെ ദൊഡ്ഡലഹള്ളി, കനകപുര, സന്തേകോടിഹള്ളി എന്നിവിടങ്ങളിലെ ശിവകുമാറിന്‍റെ വസതികളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ സംഘം ബന്ധുക്കളോട് സ്വത്ത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും നിർദേശിച്ചു. സി.ബി.ഐയുടെ എഫ്.ഐ.ആറിനെതിരെ ശിവകുമാർ കർണാടക ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
ഇതിൽ മറുപടി നൽകാൻ കോടതിയോട് സാവകാശം തേടി രണ്ടു ദിവസത്തിനുശേഷമാണ് റെയ്ഡ്. 2020 ഒക്ടോബറിലാണ് സി.ബി.ഐ കേസെടുക്കുന്നത്. കള്ളപ്പണക്കേസിൽ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ശിവകുമാറിന് കുറ്റപത്രം നൽകിയിരുന്നു.
വരുമാനവും സ്വത്തും സംബന്ധിച്ച് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തോടനുബന്ധിച്ച് 2018ലാണ് ഇ.ഡി കേസെടുക്കുന്നത്. തന്‍റെ വസതികളിൽ സി.ബി.ഐ സംഘം എത്തിയതായും നേരത്തേതന്നെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിരുന്നതായും ശിവകുമാർ പ്രതികരിച്ചു. ബി.ജെ.പി നേതാക്കൾക്കെതിരെയടക്കം അനധികൃത സ്വത്ത് സമ്പാദന കേസുകളുണ്ട്.
എന്നാൽ, തനിക്കെതിരെ മാത്രമാണ് സി.ബി.ഐ നീങ്ങുന്നതെന്നും മറ്റുള്ളവരുടെ കേസുകളിൽ അഴിമതിവിരുദ്ധ ബ്യൂറോ ആണ് നടപടികളെടുക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.മാനസികമായി പീഡിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പ് എന്നിവർക്ക് മുമ്പ് നൽകിയതാണെന്നും ശിവകുമാർ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ നേരിടാനാണ് സി.ബി.ഐ ഇപ്പോൾതന്നെ നടപടി സ്വീകരിച്ചതെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു.
സംസ്ഥാന സർക്കാറിന്‍റെ അഴിമതിക്കെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ 'പേ സി.എം' കാമ്പയിൻ ബി.ജെ.പിക്ക് ഏറെ അലോസരമുണ്ടാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇ-വാലറ്റായ 'പേടി.എമ്മി'നെ അനുകരിച്ച് ക്യു.ആര്‍ കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവുമുൾപ്പെടെയുള്ള 'പേ സി.എം' പോസ്റ്ററുകളും തയാറാക്കി നഗരത്തിൽ പതിച്ചിരുന്നു. ഇത് പതിക്കുന്നതടക്കം കാമ്പയിന് നേതൃത്വം നൽകിയതും ഡി.കെ. ശിവകുമാറായിരുന്നു.
'ഭാരത് ജോഡോ യാത്ര' വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് കർണാടകയിലെ ഗുണ്ടൽപേട്ടയിൽ എത്തുക. യാത്രയിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.