ചാരവൃത്തി: മാധ്യമപ്രവർത്തകനെതിരെ സി.ബി.ഐ കേസ്, 12 സ്ഥലങ്ങളിൽ റെയ്ഡ്
text_fieldsന്യൂഡൽഹി: പ്രതിരോധ ഗവേഷണ സ്ഥപനമായ ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനെയും (ഡി.ആർ.ഡി.ഒ) സൈന്യത്തെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തകനെതിരെ സി.ബി.ഐ കേസെടുത്തു. ഡിഫൻസ് ന്യൂസ് കറസ്പോണ്ടന്റ് വിവേക് രഘുവംശിക്കെതിരെയാണ് ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ഡിആർഡിഒ, വിവധ സൈനിക പദ്ധതികൾ എന്നിവയെ കുറിച്ച് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ രഘുവംശി ശേഖരിക്കുകയും വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കുവെക്കുകയും ചെയ്തതായി സി.ബി.ഐ ആരോപിച്ചു. ഇദ്ദേഹവുമായി ബന്ധമുള്ള 12 സ്ഥലങ്ങളിൽ ഏജൻസി തിരച്ചിൽ നടത്തുകയാണെന്നും തന്ത്രപ്രധാനമായ രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഡൽഹി, നോയിഡ, ഗുരുഗ്രാം, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
പ്രതിരോധ പദ്ധതികൾ, ഭാവി പദ്ധതികൾ എന്നിവയുടെ തന്ത്രപരമായ വിശദാംശങ്ങൾ രഘുവംശി വിദേശ രാജ്യങ്ങൾക്ക് പണം വാങ്ങി കൈമാറിയെന്നാണ് ആരോപണം. ‘രഘുവംശിയുടെ പ്രവർത്തനങ്ങൾ കാരണം സൗഹൃദ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം സമ്മർദ്ദത്തിലായി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറുകയായിരുന്നു അദ്ദേഹം. വിദേശ ഏജൻസികളുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു. കുറച്ചുകാലമായി തങ്ങളുടെ നിരീക്ഷണത്തിലായിരുന്നു’ -സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.