നീറ്റ് പരീക്ഷ ക്രമക്കേട്: സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം തുടങ്ങിയ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ നീറ്റ് ക്രമക്കേടിൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിന്റെ ഭാഗമായി സി.ബി.ഐ സംഘം ഉടൻ ഗുജറാത്തും ബിഹാറും സന്ദർശിക്കും. ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് നീറ്റ് ക്രമക്കേടിൽ ഇതുവരെ അന്വേഷണം നടത്തിയത്. അതിന്റെ റിപ്പോർട്ടുകൾ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും വിദ്യാഭ്യാസമന്ത്രാലയത്തിനും സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐക്ക് കേസ് കൈമാറാൻ കേന്ദ്രം തീരുമാനിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
ഗ്രേസ് മാർക്ക് ലഭിച്ച 1500ലേറെ വിദ്യാർഥികൾക്ക് പകരം എല്ലാവർക്കും പരീക്ഷ വീണ്ടും നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചില്ല. മേയ് അഞ്ചിനാണ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിയതായി കണ്ടെത്തി. പിന്നാലെ ചോദ്യപേപ്പർ ചോർന്നതായും ആരോപണമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.