ഒഡിഷ ട്രെയിന്‍ ദുരന്തം: അട്ടിമറി സാധ്യത അന്വേഷിക്കാൻ സി.ബി.ഐ
text_fieldsഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ബാലസോറില്‍ അപകടം നടന്ന സ്ഥലം സന്ദർശിച്ച സി.ബി.ഐ. സംഘം വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇതിനിടെ, മരിച്ചവരുടെ എണ്ണം 278 ആയി. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അറിയിച്ചു.അപകടത്തിനു കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ ബോധപൂര്‍വം നടത്തിയ ഇടപെടലാണെന്നും സിഗ്നലിങ് സംവിധാനത്തിലെ തകരാറെണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെയെ മനസിലാക്കാൻ കഴിയൂവെന്ന് സി.ബി.ഐ അറിയിച്ചു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ ബോധപൂര്‍വമുള്ള ഇടപെടലാണ് ഒഡിഷ തീവണ്ടിയപകടത്തിന് കാരണമെന്ന് റെയില്‍വേയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ സൂചന നൽകിയിരുന്നു. അതിനിടെ, സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെട്ട ചില തകരാറുകളാണ് അപകടമുണ്ടാകാനുള്ള കാരണമെന്ന് റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹയും വ്യക്തമാക്കി. കോറമണ്ഡല്‍ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടതെന്നും ചരക്കുതീവണ്ടി പാളം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു.
ട്രെയിൻ അപകടം നടന്ന് നാല് ദിവസമാകുമ്പോഴേക്കും മൃതദേഹങ്ങൾ അഴുകിത്തുടങ്ങി. ബാലസോറിൽ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിലാണ് മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നത്. ഫ്രീസർ സൗകര്യങ്ങളൊന്നുമില്ലാതെ ചൂടുകൂടിയ കാലാവസ്ഥയിൽ കഴിയുന്ന മൃതദേഹങ്ങൾ അതിവേഗമാണ് അഴുകുന്നതെന്ന് അധികൃതർ പറയുന്നു. ഇതിനിടെ, നാൽപതോളം പേരുടെ മരണത്തിന് കാരണം വൈദ്യുതാഘാതമേറ്റതാകാമെന്ന് റിപ്പോർട്ട്. അപകടത്തിൽപെട്ട കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ലഭിച്ച 40 പേരുടെ മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസിലെ ബോഗികളിൽ ഇടിച്ച് ശ്വന്തപുര്‍- ഹൗറ എക്‌സ്പ്രസും മറിഞ്ഞിരുന്നു. ഈ സമയത്ത് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം 40 പേരുടെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു. എന്നാൽ, 40 പേരുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ശരീരത്തിൽ മുറിവുകളോ ചോര പൊടിയുന്നതായോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.