റിലയന്‍സ് ഇൻഷുറന്‍സ് അഴിമതി; മൊഴിയെടുക്കാൻ സി.ബി.ഐ സംഘം സത്യപാല്‍ മാലികിന്‍റെ വസതിയിൽ
text_fieldsന്യൂഡൽഹി: റിലയന്‍സ് ഇൻഷുറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുൻ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ അദ്ദേഹത്തിന്‍റെ വസതിയിൽ എത്തി. 11. 45 ഓടെയാണ് സോം വിഹാറിലെ സത്യപാൽ മാലികിന്റെ വസതിയിൽ രണ്ടംഗ സി.ബി.ഐ സംഘം എത്തിയത്. കേസിലെ സാക്ഷിയെന്ന നിലക്കാണ് സി.ബി.ഐ മാലികിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീര്‍ ഗവർണ്ണറായിരിക്കേ 2018ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷുറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മല്ലിക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്നും ഇത് പാസാക്കാൻ തനിക്ക് പണം വാഗ്ദാനം ചെയതെന്നുമുള്ള മാലിക്കിന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ കേസെടുത്തത്. ആർ.എസ്.എസ് ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്നായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് കരാറുകൾ താൻ റദ്ദാക്കുകയായിരുന്നുവെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്.
ജമ്മുകശ്മീര്‍ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഒന്നിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പ്രതിയാണ്.
പുൽവാമ ആക്രമണത്തിൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന പ്രസ്താവനയും മാലിക് നേരത്തെ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.