വ്യവസായികളിൽ നിന്ന് പണപ്പിരിവ്; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്
text_fieldsമുംബൈ: ഹോട്ടൽ ബാർ വ്യവസായികളിൽ നിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പോലീസ് കമിഷണർ പരംബീർ സിങ്ങിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പരംബീർ സിങ്ങ് നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.
ഹരജി പരിഗണിക്കെ പോലീസ് കമ്മീഷണറായിരുന്നിട്ടും പരംബീർ സിങ്ങ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കോടതി വിമർശിച്ചിരുന്നു. പൊലീസ് പക്ഷപാതം കാണിക്കുമെന്നതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന സിങ്ങിൻ്റെ വാദം കോടതി അംഗീകരിച്ചു. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. തുടരന്വേഷണം വേണമോയെന്ന് തുടർന്ന് സിബിഐ ഡയറക്ടർക്ക് തീരുമാനിക്കാം.
പണം പിരിക്കാൻ മന്ത്രി, അംബാനി ഭീഷണി കേസിൽ സിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് ആവശ്യപ്പെട്ടെന്നാണ് സിങ്ങ് ആരോപിച്ചത്. അംബാനി കേസിൽ സച്ചിൻ അറസ്റ്റിലായതിനെ തുടർന്നാണ് മുംബൈ പൊലീസ് കമ്മീഷണർ പദവിയിൽനിന്ന് പരംബീർ സിങ്ങിനെ മാറ്റിയത്. തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് സിങ്ങ് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ബോംബെ ഹൈകോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.