ഡൽഹി മൊഹല്ല ക്ലിനിക്കുകൾക്ക് എതിരെ സി.ബി.ഐ അന്വേഷണം
text_fieldsന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ നിലവാരമില്ലാത്ത മരുന്ന് വിതരണം നടത്തി, മൊഹല്ല ക്ലിനിക്കുകളിൽ വ്യാജ രോഗികളുടെ പേരിൽ ഇല്ലാത്ത പരിശോധനയുടെ രേഖകളുണ്ടാക്കി വൻതട്ടിപ്പ് നടത്തി എന്നീ പരാതികൾ മുൻനിർത്തി ലഫ്. ഗവർണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ പോന്നവിധം നിലവാരമില്ലാത്ത മരുന്നുകൾവരെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തവയുടെ കൂട്ടത്തിലുണ്ടെന്നാണ് ലഫ്. ഗവർണർ വി.കെ. സക്സേനയുടെ റിപ്പോർട്ട്.
ആം ആദ്മി പാർട്ടി സർക്കാർ ഏറെ ജനകീയമായി പരിഷ്കരണം കൊണ്ടുവന്ന രണ്ടു മേഖലകളിലൊന്നാണ് ചികിത്സ. വിദ്യാഭ്യാസമാണ് മറ്റൊരു മേഖല. സൗജന്യ രോഗനിർണയ പരിശോധനകൾക്ക് സൗകര്യമൊരുക്കുന്ന മൊഹല്ല ക്ലിനിക്കുകൾ ഏറെ പ്രശംസ നേടിയിരുന്നു.
42 മരുന്നു സാമ്പിളുകൾ പരിശോധിച്ചതിൽ അഞ്ചെണ്ണം മാത്രമാണ് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരബ് ഭരദ്വാജ് വിശദീകരിച്ചു. ലോകോത്തര നിലവാരമുള്ള ഡൽഹിയുടെ ചികിത്സാസംവിധാനത്തെ വ്യാജ അന്വേഷണങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മന്ത്രി അതിഷി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.