‘പ്രചാരണം തടസ്സപ്പെടുത്താൻ സി.ബി.ഐ ശ്രമിക്കുന്നു’; തെരഞ്ഞെടുപ്പ് കമീഷന് പരാതിയുമായി മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: നിയമവിരുദ്ധ പ്രവൃത്തിയിലൂടെ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താൻ സി.ബി.ഐ ശ്രമിക്കുകയാണെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
അന്വേഷണത്തിന്റെ പേരിൽ സി.ബി.ഐ രാഷ്ട്രീയം കളിക്കുകയാണെന്നും പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തന്റെ സ്ഥാനാർഥിത്വം അറിഞ്ഞിട്ടും സി.ബി.ഐ തുടർച്ചയായി നാല് റെയ്ഡുകൾ നടത്തിയത് മനഃപൂർവമാണെന്നും തന്റെ പ്രതിച്ഛായ തകർക്കുകയാണ് ലക്ഷ്യമെന്നുമാണ് മഹുവയുടെ ആരോപണം.
ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ, മഹുവയുടെ കൊൽക്കത്തയിലെ വീട്ടിലും കൃഷ്ണനഗറിലെ അപ്പാർട്ട്മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാർട്മെന്റിലും കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. കോഴക്കേസിൽ അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സി.ബി.ഐക്ക് ലോക്‌പാൽ നിർദേശം നൽകിയത്.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവയെ എം.പി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ലോക്സഭ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി. കഴിഞ്ഞ തവണ വിജയിച്ച ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ തന്നെയാണ് മഹുവയെ തൃണമൂൽ വീണ്ടും നിയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.