സി.ബി.െഎ വേട്ട സ്റ്റേയുടെ ബലത്തിൽ; കേന്ദ്ര ഏജൻസിയുടെ നിലനിൽപ് വിവാദത്തിൽ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ റെയ്ഡ്, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരത്തർക്കമായി മാറിയതോടെ സി.ബി.െഎ എന്ന കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിയമസാധുത വീണ്ടും വിവാദത്തിൽ. കേവലം സ്റ്റേയുടെ ബലത്തിൽ തുടരുന്ന സി.ബി.െഎയുടെ നിലനിൽപ് ചോദ്യംചെയ്ത് രാജ്യത്തെ നിയമ വിദഗ്ധർ രംഗത്തുവരുകയും ചെയ്തു.പാർലമെൻറിൽ പ്രത്യേക നിയമ നിർമാണം നടത്താതെ രൂപവത്കരിച്ച സി.ബി.െഎയുടെ സാധുത റദ്ദാക്കിയ ഗുവാഹതി ഹൈകോടതി വിധിക്ക് മേലുള്ള സ്റ്റേയുടെ ബലത്തിലാണ് കഴിഞ്ഞ അഞ്ചുവർഷമായി സി.ബി.െഎ പ്രവർത്തിക്കുന്നത്. സി.ബി.െഎ സ്ഥാപിച്ച് കേന്ദ്ര സർക്കാർ പുറെപ്പടുവിച്ച വിജ്ഞാപനം 2013 നവംബർ ആറിന് ഗുവാഹതി ഹൈകോടതി റദ്ദാക്കിയിരുന്നു. 1963 ഏപ്രിൽ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക വിജ്ഞാപനത്തിലൂടെ താൽക്കാലികമായി ഉണ്ടാക്കിയ സംവിധാനമാണ് സി.ബി.െഎ എന്നായിരുന്നു ഗുവാഹതി ഹൈകോടതി വിധി.
1946ലെ ഡൽഹി സ്പെഷൽ െപാലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമപ്രകാരം പാർലമെൻറ് നിയമ നിർമാണം നടത്തുന്നതുവരെ ഇത് താൽക്കാലിക സ്ഥാപനമായിരിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. സി.ബി.െഎ രൂപവത്കരണത്തിന് തീരുമാനിച്ച യോഗത്തിെൻറ മിനിറ്റ്സ് പരിശോധിച്ചാണ് സ്ഥാപനത്തിനെതിരെ കോടതി നിലപാടെടുത്തത്. ഇതേത്തുടർന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും കോടതി അവധിയിലായിരുന്നതിനാൽ അന്നത്തെ അറ്റോണി ജനറൽ ജി.ഇ. വഹൻവതി അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന നിലവിലെ കേരള ഗവർണർ പി.സദാശിവത്തെ വസതിയിലെത്തി കാണുകയും ചെയ്തു. തുടർന്നാണ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. എന്നാൽ അതിനുശേഷം ഇന്നുവരെ കേന്ദ്രത്തിെൻറ അപ്പീൽ സുപ്രീംകോടതി പരിഗണിച്ചിട്ടില്ല. ഇൗയിടെ സി.ബി.െഎ ഡയറക്ടറുടെ നിയമനം കോടതി കയറിയപ്പോഴും സ്റ്റേയിൽ തുടരുന്ന ഏജൻസിയുടെ സാധുതയുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല.
ഒരു സംസ്ഥാനത്ത് ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെങ്കിൽ ആ സംസ്ഥാനത്തിെൻറ സമ്മതം വേണമെന്നതാണ് ഇന്ത്യൻ നിയമം എന്ന് പ്രമുഖ നിയമ വിദഗ്ധയും സുപ്രീംകോടതി അഭിഭാഷകയുമായ ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിക്ക് കോടതിയിൽ നിന്നുള്ള വാറൻറ് വേണം. ശാരദ ചിട്ടി കേസിൽ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയുടെ മേൽനോട്ടം സി.ബി.െഎക്ക് മേലില്ല എന്ന് അവർ തുടർന്നു. മാത്രമല്ല, അന്വേഷണത്തിന് ആവശ്യമായ അപേക്ഷകളെല്ലാം കൊൽക്കത്ത ഹൈകോടതിക്ക് മുമ്പാകെയാണ് സമർപ്പിക്കേണ്ടതെന്നും സുപ്രീംകോടതി വിധിയിലുണ്ടായിരുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണവുമായി സഹകരിക്കാമെന്ന് ബംഗാൾ പൊലീസ് സി.ബി.െഎയെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ക്രിമിനൽ നടപടി ചട്ടം 60ാം വകുപ്പ് പ്രകാരം ചോദ്യംചെയ്യാൻ സമൻസ് അയക്കുകയാണ് സി.ബി.െഎ ചെയ്തത്. ഇൗ സമൻസ് കൊൽക്കത്ത ഹൈകോടതി തൽക്കാലം മാറ്റിവെച്ചിരിക്കുകയാണ്. തുടർന്ന് സുപ്രീംകോടതിയെ ഇൗ ആവശ്യവുമായി സമീപിക്കുന്നതിനു പകരം കോടതി അവധിയിലായ ഞായറാഴ്ച 40അംഗ സി.ബി.െഎ സംഘം നിയമവിരുദ്ധമായി പൊലീസ് കമീഷണറുടെ വീട്ടിലെത്തുകയാണ് ചെയ്തത് എന്നും ജെയ്സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.