വിവാദ പുരുഷനായി കമീഷണർ രാജീവ് കുമാർ
text_fieldsന്യൂഡൽഹി: മമത-മോദി ഏറ്റുമുട്ടൽ നടക്കുന്നതിനിടയിൽ, സി.ബി.െഎ അറസ്റ്റു ചെയ്യാൻ പോയ കൊൽക്കത്ത സിറ്റി പൊലീസ് കമീഷണർ രാജീവ് കുമാർ ശ്രദ്ധാകേന്ദ്രമായി. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനാണ് 1989 ബാച്ച് െഎ.പി.എസ് ഒാഫിസറായ രാജീവ് കുമാർ. പശ്ചിമ ബംഗാളിൽ ഏറെ വിവാദം ഉയർത്തിയ ശാരദ ചിട്ടിഫണ്ട്, റോസ്വാലി നിക്ഷേപ തട്ടിപ്പുകൾ അന്വേഷിച്ച സംസ്ഥാന പൊലീസിെൻറ പ്രത്യേകാന്വേഷണ സംഘത്തെ നയിച്ചത് രാജീവ് കുമാറാണ്. 2016 മുതൽ കൊൽക്കത്ത സിറ്റി പൊലീസ് കമീഷണർ.
തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും രാജീവ്കുമാർ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സി.ബി.െഎ ആരോപണം. തട്ടിപ്പുകളിൽ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. രേഖകളെക്കുറിച്ച വിശദാംശങ്ങൾ തേടി സി.ബി.െഎ പലവട്ടം നൽകിയ സമൻസ് അനുസരിച്ച് ഹാജരാകാൻ രാജീവ്കുമാർ തയാറാകാത്തതിനാലാണ് കസ്റ്റഡിയിലെടുക്കാൻ അദ്ദേഹത്തിെൻറ വസതിയിൽ ഞായറാഴ്ച എത്തിയതെന്ന് സി.ബി.െഎ പറയുന്നു.
രാജീവ്കുമാറിെൻറ നേതൃത്വത്തിൽ ചിട്ടിത്തട്ടിപ്പ് അന്വേഷണം നടത്തുന്നതിന് യു.പി.എ സർക്കാറിെൻറ കാലത്ത് 2013 ഏപ്രിൽ 26നാണ് മമത ബാനർജി ഉത്തരവിടുന്നത്. എന്നാൽ, തൃണമൂൽ നേതാക്കൾ ഉൾപ്പെട്ട കേസിെൻറ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്, സി.പി.എം പാർട്ടി നേതാക്കൾ കൂടി മുൻകൈയെടുത്താണ് കേസ് സുപ്രീംകോടതിയിൽ എത്തിച്ചത്.2014 േമയ് ഒമ്പതിന് അന്വേഷണം സി.ബി.െഎക്ക് വിട്ട് സുപ്രീംകോടതി ഉത്തരവിട്ടു. രാജീവ്കുമാറിെൻറ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസ് സംഘത്തിെൻറ പക്കലുള്ള വിവരങ്ങൾ സി.ബി.െഎക്ക് കൈമാറണമെന്നും നിർദേശിച്ചു.
തീരാതെ വാദപ്രതിവാദം
സി.ബി.െഎയെ മോദിസർക്കാർ ദുരുപയോഗിക്കുന്നതിനാൽ, സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിന് ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമ പ്രകാരം സി.ബി.െഎക്കുള്ള സവിശേഷ അധികാരം നവംബറിൽ എടുത്തു കളഞ്ഞ രണ്ടു സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും ആന്ധ്രപ്രദേശും. ഒാരോ കേസിലും ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറിെൻറ മുൻകൂർ അനുമതി തേടണമെന്നാണ് സംസ്ഥാനം മുന്നോട്ടു വെച്ചിട്ടുള്ള വ്യവസ്ഥ. ഇങ്ങനെ ചെയ്യാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം വാദിക്കുന്നു. സുപ്രീംകോടതി ഏൽപിച്ച അന്വേഷണമാണെന്നിരിക്കേ, സംസ്ഥാന സർക്കാറിെൻറ വിലക്ക് ബാധകമല്ലെന്ന വാദം സി.ബി.െഎയും മുന്നോട്ടുവെക്കുന്നു. രണ്ടിനുമിടയിൽ, സംസ്ഥാന അധികൃതരെ മുൻകൂട്ടി അറിയിക്കാതെ സിറ്റി പൊലീസ് കമീഷണറെ കസ്റ്റഡിയിലെടുക്കാൻ സി.ബി.െഎ എത്തുന്നത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മമതയും വിവിധ പ്രതിപക്ഷ നേതാക്കളും.
ശാരദ, റോസ്വാലി: വെള്ളത്തിലാക്കിയത് ശതകോടികൾ
ന്യൂഡൽഹി: അഞ്ചുവർഷം മുമ്പ് സുപ്രീംകോടതി സി.ബി.െഎയെ അന്വേഷിക്കാൻ ഏൽപിച്ച ശാരദ ചിട്ടി തട്ടിപ്പ്, റോസ്വാലി നിക്ഷേപ പദ്ധതി തട്ടിപ്പ് എന്നിവ മമത-മോദി ഏറ്റുമുട്ടലിനൊപ്പം വീണ്ടും ചർച്ചയിൽ.1200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ശാരദ ചിട്ടി പദ്ധതിക്കു പിന്നിൽ. റോസ്വാലി നിക്ഷേപ പദ്ധതി വഴി നടന്ന തട്ടിപ്പാകെട്ട 40,000 കോടി രൂപ വരുമെന്നാണ് കണക്കുകൾ. തൃണമൂൽ കോൺഗ്രസ് നേതാക്കളിൽ ചിലർ രണ്ടു തട്ടിപ്പുകളുടെയും പ്രതിപ്പട്ടികയിലുണ്ട്.
100 രൂപയിൽ കുറയാത്ത, പരിധിയില്ലാത്ത നിക്ഷേപത്തിന് അത്യാകർഷക വരുമാനം വാഗ്ദാനം ചെയ്താണ് ശാരദ ചിട്ടിഫണ്ട് കമ്പനി ആളുകളെ വശീകരിച്ചത്. 17 ലക്ഷം നിേക്ഷപകരാണ് ഏപ്രിലിൽ കമ്പനി പൊട്ടിയപ്പോൾ വെള്ളത്തിലായത്. തൃണമൂൽ എം.പിയായിരുന്ന കുണാൽ േഘാഷ്, ശതാബ്ദി റോയ് തുടങ്ങിയവർ ശാരദ ചിട്ടിയുടെ പ്രചാരകരും ഒത്താശക്കാരുമായിരുന്നു.
തൃണമൂലിെൻറ രാഷ്ട്രീയ നിലതന്നെ അപകടത്തിലാക്കുന്ന പശ്ചാത്തലത്തിൽ ഇടത്തരം, നാമമാത്ര നിക്ഷേപകരെ രക്ഷിക്കാൻ 500 കോടിയുടെ പ്രത്യേക നിധിക്ക് മമത സർക്കാർ രൂപം നൽകുകയും ചെയ്തിരുന്നു.
റോസ്വാലി റിയൽ എസ്റ്റേറ്റ്, റോസ്വാലി ഹോട്ടൽസ് തുടങ്ങിയ പദ്ധതികൾ വഴിയാണ് രണ്ടാമത്തെ തട്ടിപ്പ് അരങ്ങേറിയത്. 1990ൽ തുടങ്ങിയ സംരംഭമായിരുന്നു അത്.
ശേഖരിച്ച പണം മറ്റു പല അക്കൗണ്ടുകളിലേക്കായി മറിഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടിയില്ല. പശ്ചിമ ബംഗാളിനു പുറത്ത് ബിഹാർ, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള നിക്ഷേപകരും കബളിപ്പിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.