നാരദയിൽ കുരുങ്ങി 13 തൃണമൂൽ നേതാക്കൾ
text_fieldsന്യൂഡൽഹി: നാരദ ഒളികാമറ പ്രയോഗത്തിൽ കോഴ വാങ്ങുന്നതായി വിഡിയോ ദൃശ്യങ്ങളിൽ കണ്ട മന്ത്രിമാരും എം.പിമാരും അടക്കം 13 തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിനെ തുടർന്നാണിത്. രാജ്യസഭ എം.പിയും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയ്, ലോക്സഭ അംഗങ്ങളായ സുൽത്താൻ അഹ്മദ്, സൗഗത റോയ്, കകോലി ഘോഷ് ദസ്തിദർ, അപരുപ പൊദ്ദാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൊൽക്കത്ത ഹൈകോടതിയുടെ നിർദേശപ്രകാരമാണ് സി.ബി.െഎ പ്രാഥമിക അന്വേഷണം നടത്തിയത്.
പശ്ചിമ ബംഗാളിൽ 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പാണ് നാരദ വിഡിേയാ ചിത്രങ്ങൾ പുറത്തുവന്നത്. ഒാൺലൈൻ പോർട്ടലായ നാരദ ന്യൂസ് ഡോട്ട് കോം നടത്തിയ ഒളികാമറ പ്രയോഗമാണിത്. കാര്യസാധ്യത്തിന് പണം കൊടുക്കുന്നുവെന്നാണ് വിഡിയോ ചിത്രങ്ങളിലെ സൂചന. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ് ഉയർന്നു വരാതിരിക്കാൻ നടത്തുന്ന അധികാര ദുരുപയോഗമാണ് തങ്ങളുടെ നേതാക്കൾക്കെതിരായ നീക്കമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.
സി.ബി.െഎ അന്വേഷണം തടയണമെന്ന തൃണമൂൽ നേതാക്കളുടെ അപേക്ഷ നേരേത്ത സുപ്രീംകോടതി തള്ളിയിരുന്നു. വിഡിയോ വ്യാജമല്ലെന്ന് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലബോറട്ടറി സാക്ഷ്യപ്പെടുത്തി. ഒളികാമറ പ്രയോഗത്തെക്കുറിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് നാരദ ന്യൂസ് സി.ഇ.ഒയായ മലയാളി പത്രപ്രവർത്തകൻ മാത്യു സാമുവലിനെ സി.ബി.െഎ ചോദ്യം ചെയ്തിരുന്നു.
റോസ്വാലി ഫണ്ട് തട്ടിപ്പുകേസിൽ തൃണമൂൽ കോൺഗ്രസിെൻറ ലോക്സഭാംഗങ്ങളായ സുദീപ് ബന്ദോപാധ്യായ, തപസ് പാൽ എന്നിവർ ജയിലിലാണ്. പശ്ചിമ ബംഗാളിൽ വേരുറപ്പിക്കാൻ ബി.ജെ.പി തീവ്രശ്രമം നടത്തുന്നതിനൊപ്പമാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ കുരുക്കുന്ന കേസുകൾ ഒന്നിനു പിറകെ മറ്റൊന്നായി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.