മനീഷ് സിസോദിയക്കെതിരെ സി.ബി.ഐയുടെ പുതിയ അഴിമതിക്കേസ്
text_fieldsന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയക്ക് എതിരെ സി.ബി.ഐ പുതിയ അഴിമതിക്കേസ് ഫയൽ ചെയ്തു. ഡൽഹി സർക്കാരിന്റെ ഫീഡ്ബാക്ക് യൂനിറ്റുമായി (എഫ്.ബി.യു)ബന്ധപ്പെട്ടാണ് പുതിയ കേസ്. എ.എ.പി അധികാരത്തിലിരിക്കെ, 2015ലാണ് എഫ്.ബി.യു രൂപീകരിച്ചത്. സിസോദിയ ആണ് ഈ യൂനിറ്റിന് നേതൃത്വം നൽകിയത് എന്നാണ് സി.ബി.ഐയുടെ വാദം.
ഇത് സർക്കാരിന് 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് സി.ബി.ഐയുടെ വാദം. ഡൽഹി വിജിലൻസ് ഡിപാർട്ട്‌മെന്റിന് കീഴിൽ ആരംഭിച്ച ഫീഡ്ബാക്ക് യൂനിറ്റ് വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതിയുയർന്നിരുന്നു.
എ.എ.പി അധികാരത്തിൽ വന്നതിന് ശേഷം 2015 ൽ മനീഷ് സിസോദിയ ആണ് സ്നൂപിങ്ങ് യൂനിറ്റിന് തുടക്കം കുറിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ തേടുന്നതിനാണ് ഈ വിഭാഗം എന്ന അവകാശവാദം ഉന്നയിച്ചായിരുന്നു ഫീഡ്ബാക്ക് യൂനിറ്റിന്റെ ആരംഭം. എന്നാൽ മറ്റ് പാർട്ടി നേതാക്കളുടേതുൾപ്പെടെയുള്ള വിവരങ്ങൾ ഇത് വഴി ചോർത്തുന്നതായി ആരോപണമുയർന്നു.
അതിനിടെ, മനീഷ് സിസോദിയയെ ദീർഘകാലം ജയിലിലടക്കാൻ പ്രധാനമന്ത്രി നിരവധി വ്യാജ കേസുകളുമായി വന്നിരിക്കുകയാണെന്നായിരുന്നു പുതിയ കേസിനെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.