ഭാര്യ ഭർത്താവിനെ അനുസരിക്കാത്തത് കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന് സി.ബി.എസ്.ഇ ചോദ്യപേപ്പർ
text_fieldsന്യൂഡൽഹി: സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന കണ്ടെത്തലുമായി സി.ബി.എസ്.ഇ. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പർ ആണ് വിവാദ ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് വിവാദ ചോദ്യം ഉള്ളത്.
സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമർശം. സത്രീ - പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ - പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ -പുരുഷ തുല്യതയാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആകണം.
അങ്ങനെ ആയിരുന്നപ്പോൾ ഭാര്യക്ക് കുട്ടികളിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. രക്ഷിതാക്കളിൽ ചുമതലക്കാരൻ ഭർത്താവ് എന്നാണ് പഴയ കാഴ്ചപ്പാട്. അക്കാലത്ത് ഭർത്താവിന്‍റെ നിഴലിൽ നിന്ന് തന്‍റെ കുട്ടികളിൽ ആധിപത്യം സ്ഥാപിക്കാൻ അവൾ ഒരുക്കമായിരുന്നു. അതിനാൽ തന്നെ അച്ഛന്‍റെ ആജ്ഞ വിഷയമാക്കിയാണ് ഭാര്യ കുട്ടികളെ നിലക്ക് നിർത്തിയിരുന്നത്. എന്നാൽ 20ാം നൂറ്റാണ്ടിൽ സ്ത്രീപക്ഷ വാദം കൂടിയതോടെ കുടുംബത്തിൽ അച്ചടക്കത്തിന് പ്രാധാന്യമില്ലാതെ ആയി. അച്ഛന്‍റെ വാക്ക് പവിത്രമെന്ന ചിന്ത മാറി. സ്ത്രീ - പുരുഷ തുല്യത നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം.
ചോദ്യം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. 'സ്ത്രീകളെക്കുറിച്ചുള്ള ഈ പിന്തിരിപ്പൻ വീക്ഷണങ്ങളെ ബി.ജെ.പി സർക്കാർ അംഗീകരിക്കുന്നു. മറ്റെന്താണ് അവർ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്?'-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവം വിവാദമായതോടെ സി.ബി.എസ്.ഇയും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. 'സി.ബി.എസ്.ഇ പത്താം ക്ലാസ് ഒന്നാം ടേം പരീക്ഷയുടെ ഇംഗ്ലീഷ് പേപ്പറിന്‍റെ ഒരു സെറ്റിലെ ചോദ്യത്തിന് കുറച്ച് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു. ചോദ്യം കുടുംബത്തെക്കുറിച്ചുള്ള പിന്തിരിപ്പൻ സങ്കൽപ്പങ്ങളെ പിന്തുണക്കുന്നതായി തോന്നുന്നു. ലിംഗപരമായ സ്റ്റീരിയോടൈപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതും. വിഷയം ചർച്ചക്ക് വിധേയമാക്കും. ബോർഡിന്‍റെ നടപടിക്രമങ്ങൾ അനുസരിച്ച് പരിഗണിക്കും'-ഉയർന്ന സി.ബി.എസ്.ഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.