സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കൽ: 10, 11, പ്രീ ബോർഡ് ഫലങ്ങൾ അടിസ്ഥാനമാക്കുമെന്ന് സൂചന
text_fieldsന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷ, 11ാം ക്ലാസ് അവസാന പരീക്ഷ, പന്ത്രണ്ടാം ക്ലാസ് പ്രീ-ബോർഡ് പരീക്ഷ എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 12ാം ക്ലാസ് വിദ്യാർത്ഥികളെ വിലയിരുത്താനുള്ള നിർദേശം സി.ബി.എസ്.ഇ സജീവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്. സി.ബി.എസ്.ഇ രൂപീകരിച്ച 12 അംഗ വിദഗ്ധ സമിതി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഈ രീതി ചർച്ച ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മൂന്ന് പരീക്ഷകളുടെയും ഫലം അടിസ്ഥാനപ്പെടുത്തിയാകും തിയറിയുടെ 70 മാർക്ക് കണക്കാക്കുക. ഇവയിൽ ഓരോന്നിനും എത്ര വെയിറ്റേജ് നൽകണമെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളുക സി.ബി.എസ്.ഇ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ജൂൺ ഒന്നിനാണ് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. കൂടാതെ ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയിരുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിന് ശേഷം മോദിയാണ് തീരുമാനം പ്രഖ്യാപിച്ചത്. സമ്മർദ്ദകരമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പരീക്ഷക്ക് ഹാജരാക്കാൻ നിർബന്ധിക്കരുത് എന്ന കാരണത്താലാണ് റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മേയ് 21, 23 തീയതികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലും അന്തിമ തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സംസ്ഥാനങ്ങളോട് നിലപാട് എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളെല്ലാം പരീക്ഷ നടത്തണമെന്ന നിലപാടിലായിരുന്നു. നാല് സംസ്ഥാനങ്ങൾ എഴുത്ത് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജൂൺ ഒന്നിന് നടന്ന യോഗത്തിൽ പരീക്ഷ ഒഴിവാക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. അതിനാൽ തന്നെ വരുംദിവസങ്ങളിൽ മനദണ്ഡം സി.ബി.എസ്.ഇ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.