സി.ബി.എസ്.ഇ സിലബസിൽ കടുംവെട്ട്; മതേതരത്വവും ദേശീയതയും പുറത്ത്
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ സിലബസ് 30 ശതമാനം വെട്ടിക്കുറച്ചതിെൻറ മറപിടിച്ച് സുപ്രധാന വിഷയങ്ങളെ പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ. മതേതരത്വം, ദേശീയത എന്നിവക്കുപുറമെ ഫെഡറലിസം, പൗരത്വം, അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശനയങ്ങൾ തുടങ്ങിയ പാഠഭാഗങ്ങളും വെട്ടിക്കുറച്ചവയിൽപ്പെടുന്നു. ഒന്നാം മോദിസർക്കാറിെൻറ പ്രധാന മണ്ടത്തമായി പ്രതിപക്ഷം ആരോപിക്കുന്ന നോട്ടുനിരോധനവും ജി.എസ്.ടിയും ഒഴിവാക്കിയതിൽ ഉൾപ്പെടുന്നുണ്ട്.
സി.ബി.എസ്.ഇ ഒമ്പതു മുതൽ 12ാം ക്ലാസ് വരെയുള്ള സിലബസിെൻറ 30 ശതമാനം വെട്ടിക്കുറക്കുമെന്നാണ് കഴിഞ്ഞ ദിവസം മാനവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാൽ പ്രഖ്യാപിച്ചത്. ഒമ്പതാം ക്ലാസ് സാമൂഹിക പാഠത്തിൽനിന്ന് ഒഴിവാക്കിയ പ്രധാന ഭാഗങ്ങളാണ് ‘ജനാധിപത്യ അവകാശങ്ങൾ’, ‘ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം’ എന്നിവ. പത്താം ക്ലാസിലെ സാമൂഹിക പാഠത്തിൽ നിന്ന് ‘ജനാധിപത്യവും നാനാത്വവും’, ‘ജാതി, മതം, ലിംഗം’, ‘ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ’, ‘വനം- വന്യജീവി’ എന്നീ പാഠഭാഗങ്ങളാണ് നീക്കിയത്.
11ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നിവയും നീക്കി.11ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽ നിന്നാണ് ജി.എസ്.ടിയെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ ഇന്ത്യയുടെ വിദേശനയം എന്ന ഭാഗത്തുനിന്ന് പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മർ എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എന്ന ഭാഗവും ഒഴിവാക്കി.
സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക, പ്രകൃതിവിഭവങ്ങൾ, ഇന്ത്യയിലെ സാമൂഹികവും പുതിയതുമായ മുന്നേറ്റങ്ങൾ തുടങ്ങി നാലു പാഠഭാഗങ്ങൾ, കൊളോണിയലിസം എന്നിവയും നീക്കിയിട്ടുണ്ട്. 12ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽനിന്നാണ് നോട്ടുനിരോധത്തെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.