ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഷാരൂഖിൻെറ മാനേജർ ലോവർ പരേലിലെത്തി, സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തതിന് ശേഷം ഷാരൂഖിൻെറ മാനേജർ ലോവർ പരേൽ സന്ദർശിച്ചതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം ആണ് ലോവർ പരേലിൽ ഷാരൂഖ് ഖാൻെറ മാനേജർ പൂജ ദദ്‌ലാനി സന്ദർശിച്ചതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയത്.
ഗോസാവിയും സാം ഡിസൂസയും ഷാരൂഖിൻെറ മാനേജർ പൂജയുമായി കൂടിക്കാഴ്ച നടത്തിയെന്നും 18 കോടി രൂപയുടെ ഇടപാട് നടന്നതായും ഗോസാവിയുടെ മുൻ സഹായി പ്രഭാകർ സെയിൽ അവകാശപ്പെട്ടിരുന്നു. അതേസമയം താൻ ഈ ഇടപാടിൻെറ ഭാഗമല്ലെന്ന് സാം ഡിസൂസ വ്യക്തമാക്കിയിരുന്നു. ഗോസാവി പൂജ ദദ്‌ലാനിയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നും ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം അവർക്ക് തിരികെ നൽകിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പഴയ ഒരു തട്ടിപ്പ് കേസിൽ പുണെ പൊലീസ് കസ്റ്റഡിയിലുള്ള ഗോസാവിക്കെതിരെ പുതിയ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത കേസിൽ സമീർ വാങ്കഡെ തന്നെ ബ്ലാങ്ക് പേപ്പറിൽ ഒപ്പിടാൻ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. മകൻെറ മോചനത്തിന് പകരമായി ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി രൂപ ആവശ്യപ്പെടുമെന്ന് കെ.പി ഗോസാവിയും സാം ഡിസൂസയും തമ്മിലുള്ള സംഭാഷണം താൻ കേട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ മേഖലാ മേധാവി സമീർ വാങ്കഡെക്കും തുകയുടെ ഒരു ഭാഗം നൽകുമെന്ന് ഗോസാവി പറയുന്നത് താൻ കേട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ആര്യനെ മോചിപ്പിക്കാൻ പൂജ ദദ്‌ലാനി ഗോസാവിക്ക് 50 ലക്ഷം രൂപ നൽകിയെന്ന് സാം ഡിസൂസ പിന്നീട് പുതിയ അവകാശവാദം ഉന്നയിച്ചത്. ഒക്ടോബർ രണ്ടിനും ഒക്ടോബർ മൂന്നിനും ഇടയിലായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.