സ്പാകളിലും മസാജ് പാർലറുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധം: മദ്രാസ് ഹൈക്കോടതി
text_fieldsമധുര: സ്പാകളിലും മസാജ് പാർലറുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍. അത് വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും, അവരുടെ ശാരീരിക സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ജുഡീഷ്യല്‍ നടപടിയിലൂടെയും മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ സ്പായ്ക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ തിരുച്ചിറപ്പള്ളി പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സ്പാ ഉടമ നൽകിയ ഹരജി തീർപ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സ്പായുടെ നടത്തിപ്പിൽ ഇടപെടുന്നതിൽ നിന്ന് പൊലീസിനെ തടയണമെന്നും ഉടമ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യതയെ ബാധിക്കുന്ന സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഏറ്റവും ശ്രദ്ധാപൂർവമായ പരിഗണന ആവശ്യമാണ്, വിഷയത്തിൽ സർക്കാർ വിവേകത്തോടെ ഇടപെടുകയും അതിന്റെ ശരിയായ ഉപയോഗത്തിന് ഏത് രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യണമെന്നും കോടതി പറഞ്ഞു. മസാജ് സെന്ററുകളിൽ അധാർമ്മിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സംശയം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനുള്ള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.