മന്ത്രി ഉൾപ്പെട്ട സീഡി വിവാദം: പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതിക്കാരി
text_fieldsബംഗളൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ട സ്വകാര്യ വിഡിയോ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് പക്ഷപാതപരമായും മുൻ വിധിയോടെയുമാണ് ഇടപെടുന്നതെന്ന് പരാതിക്കാരിയായ യുവതി.
സർക്കാർ ജോലി വാഗ്ദാനം നൽകി ജാർക്കിഹോളി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകി പരാതിയിലും വിഡിയോ വിവാദത്തിലും പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസിനെതിരെ യുവതി രംഗത്തെത്തിയിരിക്കുന്നത്. ആരോപണവിധേയനായ ആളെ ഒറ്റത്തവണ അതും മൂന്നുമണിക്കൂർ മാത്രമാണ് ചോദ്യംചെയ്തതെന്നും തന്നെ പലതവണയായി മണിക്കൂറുകളോളം ചോദ്യംചെയ്തുവെന്നും വ്യക്തമാക്കി യുവതി ബംഗളൂരു പൊലീസ് കമീഷണർ കമൽ പന്തിനാണ് പരാതിക്കത്ത് നൽകിയത്. പൊലീസിെൻറ നടപടികൾ മുഴുവനായി നോക്കുമ്പോൾ താൻ ഇരയാണോ അതോ പ്രതിയാണോ എന്ന് സംശയിക്കുന്നുവെന്നും യുവതി കത്തിൽ പറയുന്നു.
ആരോപണവിധേയനായ രമേശ് ജാർക്കിഹോളിയെ ഒറ്റത്തവണ മാത്രമാണ് ചോദ്യം ചെയ്തതെന്നും എന്നാൽ, തന്നെ ഒരു ഇടവേളപോലുമില്ലാതെ പൊലീസ് തുടർച്ചയായി ചോദ്യംചെയ്യുകയാണെന്നും യുവതി ആരോപിച്ചു. സ്വകാര്യ വിഡിയോ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ജാർക്കിഹോളി നൽകി പരാതിയിൽ തെൻറ പേര് പറയുന്നില്ല. എന്നിട്ടും പ്രത്യേക അന്വേഷണ സംഘം താൻ താമസിച്ചിരുന്ന സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
സർക്കാറിൽനിന്നുള്ള സമ്മർദത്തെതുടർന്ന് തന്നെ പ്രതിയായി ചിത്രീകരിക്കുകയാണെന്നും യുവതി കത്തിൽ ആരോപിച്ചു. യുവതിയുടെ അഭിഭാഷകനായ ജഗദീഷ് ഇ-മെയിലായാണ് കത്ത് പൊലീസ് കമീഷണർക്ക് അയച്ചത്. ഇതിനിടെ, കേസിൽ ഹൈകോടതി ചീഫ് ജസ്റ്റിസിെൻറ നിരീക്ഷണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് കീഴിലുള്ള എസ്.ഐ.ടി നിഷ്പക്ഷമായി അന്വേഷിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ രമേശ് ജാർക്കിഹോളിക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വിഡിയോ വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ തത്സമയ വിഡിയോയിലുടെയുള്ള പ്രതികരണത്തെതുടർന്ന് യുവതിക്കായി ഹാജരായിരുന്ന മറ്റൊരു അഭിഭാഷകനായ ആർ. മഞ്ജുനാഥിനെ കർണാടക ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു.
വിശദീകരണം തേടി നോട്ടീസും അയച്ചു. ഫേസ്ബുക്ക് ൈലവിലൂടെ നിരവധി അഭിഭാഷകർ ക്ഷേമഫണ്ടുകളിൽ തിരിമറി നടത്തിയെന്നും ഇത് ബാർ കൗൺസിലിെൻറ വിശ്വാസ്യതയെ ബാധിച്ചുവെന്നും ആരോപിച്ചിരുന്നു.
ഇതേതുടർന്ന് നിരവധി അഭിഭാഷകർ മഞ്ജുനാഥിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് മഞ്ജുനാഥിനെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രസ്താവനയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.