ഡോക്ടർമാരുടെ സമരം: ബംഗാളിൽ ചികിത്സ കിട്ടാതെ ഏഴു മരണം; 5000ത്തോളം ശസ്ത്രക്രിയകൾ റദ്ദാക്കി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന് ആഗസ്റ്റ് 9ന് ആരംഭിച്ച പ്രക്ഷോഭം മൂലം സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ നവജാത ശിശു ഉൾപ്പെടെ ഏഴു പേർ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പുറത്തുവിട്ടു. 26 സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലായി ഷെഡ്യൂൾ ചെയ്ത 5,000 ശസ്ത്രക്രിയകളെങ്കിലും റദ്ദാക്കിയതായും അധികൃതർ പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രതിദിനം ശരാശരി 400 ഓപ്പറേഷൻ ശസ്ത്രക്രിയകൾ നടന്നിരുന്നുവെന്നും സമരം ആരംഭിച്ചതിന് ശേഷം ഇത് 100ൽ താഴെയായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആഗസ്റ്റ് 9 മുതൽ ബംഗാളിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഒ.പികളിൽ ഏഴുലക്ഷത്തോളം രോഗികൾക്ക് പരിശോധനയോ ചികിത്സയോ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിരവധി രോഗികൾക്ക് പ്രവേശനം നിഷേധിച്ചു. സർക്കാർ ആശുപത്രികളിൽ ചികിസൽ മുടങ്ങിയതോടെ സാധാരണക്കാരായ രോഗികൾ കടുത്ത പ്രയാസത്തിലായിരിക്കുകയാണ്.
വൃക്കയിൽ കല്ലുകളുള്ള അഞ്ച് വയസുകാരനെയും സ്ട്രോക്ക് ബാധിച്ച വൃദ്ധയെയും എസ്.എസ്.കെ.എമ്മിൽ പ്രവേശനം നിഷേധിച്ചു. തന്റെ മകന് വൃക്കയിൽ കല്ലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു ദിവസമായി ഇ.എസ്.ഐ ജോക്കയിൽ ചികിത്സയിലായിരുന്നു . ചികിത്സ ഇനി ഇവിടെ സാധ്യമല്ലെന്ന് ഇന്ന് രാവിലെ അവിടെയുള്ള ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞതായി കുട്ടിയുടെ പിതാവ് ജംഷഡ്പൂർ നിവാസിയായ ദിലീപ് മുഖി പറഞ്ഞു.
സ്ട്രോക്ക് വന്ന 65 കാരിയായ ബൃഷ്പതിയെ എസ്.കെ.എം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്ത് റോഡിലാണ് കിടത്തിയത്.“എന്റെ ഭർതൃമാതാവ് ഭാഗികമായി തളർന്നുപോയിരുന്നു. 11 മണിയോടെ അവരുമായി ഞങ്ങൾ അത്യാഹിത വിഭാഗത്തിൽ എത്തി. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ ഞങ്ങളോട് സി.ടി സ്കാൻ ചെയ്യാൻ പറഞ്ഞു. റിപ്പോർട്ടുമായി മടങ്ങിയെത്തിയപ്പോൾ അവർ ഞങ്ങളോട് ഒ.പിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവിടെ ചികിത്സിക്കാൻ ഡോക്ടർമാരില്ലെന്നായിരുന്നു മറുപടി- ബൃഷ്പതിയുടെ മരുമകളും ഗാരിയ നിവാസിയുമായ സുത്രിഷ്ണ മൊണ്ടോൾ പറയുന്നു. ഇത്തരത്തിൽ നൂറു കണക്കിന് രോഗികളാണ് എന്തു ചെയ്യണമെന്നറിയാതെ വലയുന്നത്.
കാര്യങ്ങൾ കൂടുതൽ വഷളാവുമ്പോഴും പ്രക്ഷോഭം തുടരാനാണ് ജൂനിയർ ഡോക്ടർമാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.