രാജസ്ഥാൻ കോൺഗ്രസിൽ വെടിനിർത്തൽ
text_fieldsന്യൂഡൽഹി: മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പു നടക്കേണ്ട രാജസ്ഥാനിലെ പാർട്ടി പോരിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പ്രതിയോഗി സചിൻ പൈലറ്റ് എന്നിവർ ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങാൻ ധാരണയായി. സചിൻ ഉന്നയിച്ച മൂന്നു വിഷയങ്ങളിൽ ഹൈകമാൻഡിന്റെ പരിഹാര നിർദേശത്തിന് അംഗീകാരം.
വ്യാഴാഴ്ച നാലു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ നടന്ന പരസ്യപ്രഖ്യാപനങ്ങൾ ഇവയാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കില്ല. സചിന് പാർട്ടിയിൽ മാന്യമായ സ്ഥാനം. വിമർശനങ്ങൾ പാർട്ടി വേദിയിൽമാത്രം. അച്ചടക്കം ലംഘിച്ചാൽ കർക്കശ നടപടി. വീണ്ടും ഭരണം പിടിക്കാൻ എല്ലാവരും ഐക്യത്തോടെ കളത്തിലിറങ്ങും. ജയസാധ്യതമാത്രം നോക്കി സ്ഥാനാർഥികളെ നിശ്ചയിക്കും. വെള്ളിയാഴ്ച മുതൽ 90 ദിവസം ജനസമ്പർക്കം നടത്തി പ്രകടനപത്രിക തയാറാക്കും.
സചിൻ പൈലറ്റ് മുന്നോട്ടുവെച്ച മൂന്നു വിഷയങ്ങളിൽ സമവായ ഫോർമുല ഇങ്ങനെ: കഴിഞ്ഞ വസുന്ധര രാജെ സർക്കാറിനെതിരായ അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉയർത്തും. അവ അന്വേഷിക്കണമെന്ന ആവശ്യമായിരുന്നു സചിന്റേത്. രാജസ്ഥാൻ പബ്ലിക് സർവിസ് കമീഷൻ പരിഷ്കരണത്തിന് അടുത്ത നിയമസഭ സമ്മേളനത്തിൽ പുതിയ നിയമനിർമാണം നടത്തും. കമീഷൻ പിരിച്ചു വിടണമെന്നായിരുന്നു സചിന്റെ ആവശ്യം. ഉദ്യോഗ പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചമൂലം അവസരം നഷ്ടപ്പെട്ട യുവാക്കൾക്ക് തൊഴിലും നഷ്ടപരിഹാരവുമായിരുന്നു സചിന്റെ മൂന്നാമത്തെ ആവശ്യം. പ്രതികളുടെ ശിക്ഷ ഉയർത്താൻ അടക്കം, ഇക്കാര്യത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്ജിന്ദർ രൺധാവ എന്നിവരും പി.സി.സി അധ്യക്ഷൻ ഗോവിന്ദ് ദൊത്തസ്ര, അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ് അടക്കം 29 രാജസ്ഥാൻ നേതാക്കളും പങ്കെടുത്ത നാലു മണിക്കൂർ ചർച്ചക്കുശേഷമാണ് ‘വെടിനിർത്തൽ’ പ്രഖ്യാപനം. ചികിത്സയിലായ ഗെഹ്ലോട്ട് ഓൺലൈനിലൂടെയാണ് യോഗത്തിൽ ചേർന്നത്.
എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും ഐക്യത്തോടെ മുന്നോട്ടുപോയാൽ രാജസ്ഥാൻ വീണ്ടും പിടിക്കാനാവുമെന്നും എ.ഐ.സി.സി ആസ്ഥാനത്തെ ചർച്ചകൾക്ക് ശേഷം കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കർണാടകത്തിലെപ്പോലെ സ്ഥാനാർഥിനിർണയത്തിന് പാർട്ടി സർവേ നടക്കുന്നു. സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിൽ മുന്നിലാണ്. ഭരണവിരുദ്ധവികാരം വലിയ തോതിലില്ല.
ഒത്തൊരുമിച്ച് മുന്നോട്ടുനീങ്ങുകവഴി ഭരണത്തുടർച്ച നേടാൻ കോൺഗ്രസിന് കഴിയുമെന്ന് സചിൻ പൈലറ്റ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന രാജസ്ഥാൻ രീതി ഇക്കുറി മാറും. തുറന്ന മനസ്സോടെയാണ് ചർച്ചകൾ നടന്നതെന്നും സചിൻ വിശദീകരിച്ചു.
ഛത്തിസ്ഗഢിൽ ഉപമുഖ്യമന്ത്രിയായി ടി.എസ്. സിങ്ദേവിനെ നിശ്ചയിച്ച് അവിടത്തെ നേതൃതർക്കങ്ങൾ പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും പോര് പറഞ്ഞൊതുക്കാൻ സാധിച്ചത്, ഏറെ വൈകിയെങ്കിലും നേതൃത്വത്തിന്റെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യോജിപ്പോടെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.