അർണിയ മേഖലയിൽ ബി.എസ്.എഫ് ജവന്മാർക്ക് നേരെ പാക് ഷെല്ലാക്രമണം
text_fieldsജമ്മു: വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച പാകിസ്താൻ അതിർത്തിയിലെ ഇന്ത്യൻ മേഖലകൾ ലക്ഷ്യമിട്ട് മോർട്ടാർ ആക്രമണം നടത്തി. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അർണിയ മേഖലയിലായിരുന്നു പാക് റേഞ്ചേഴ്സിന്‍റെ ഏകപക്ഷീയ ഷെല്ലാക്രമണം.
രാജ്യാന്തര അതിർത്തിയിലെ ഇരുമ്പുവേലിക്ക് സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന ബി.എസ്.എഫ് ജവാന്മാർക്ക് സമീപത്ത് മോർട്ടാർ ഷെല്ലുകൾ പതിച്ചെങ്കിലും ആളപായമുണ്ടായില്ല. പാക് ഷെല്ലാക്രമണത്തിൽ ഒരു ജവാന് നിസാര പരിക്കേറ്റതായും ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതായും ബി.എസ്.എഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം നൗഷേര മേഖലയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ തിരിച്ചടിയിൽ രണ്ട് പാക് സൈനികർക്ക് പരിക്കേറ്റിരുന്നു.
പാകിസ്താന്‍റെ തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ശക്തമായി പ്രതികരിച്ചിരുന്നു. അതിർത്തിയിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ആദ്യം വെടിവെപ്പ് ഉണ്ടാകില്ലെന്നും എന്നാൽ, പാകിസ്താൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.