അസം പൊലീസുകാരെ കൊന്ന് മിസോറാം പൊലീസുകാരുടെ ആഘോഷം, ഭീതിയും നടുക്കവുമെന്ന് അസം മുഖ്യമന്ത്രി
text_fieldsഗുവാഹതി: അതിർത്തിയിൽ രൂപപ്പെട്ട സംഘർഷം വെടിവെപ്പിൽ കലാശിച്ച കഴിഞ്ഞ ദിവസത്തെ നിർഭാഗ്യ സംഭവങ്ങൾക്കു ശേഷം മിസോറാം പൊലീസുകാർ ആഘോഷിക്കുന്ന രംഗം ദുഃഖകരവും നടുക്കമുളവാക്കുന്നതുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസം പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം മിസോറാം സംഘം ആഘോഷിക്കുന്ന വിഡിയോ പുറത്തെത്തിയിരുന്നു. ആറ് അസം പൊലീസുകാരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്ത ശേഷം എങ്ങനെയാണ് ഗുണ്ടകൾക്കൊപ്പം ചേർന്ന് ആഘോഷിക്കുകയെന്ന് ഹിമന്ത ചോദിച്ചു. ആക്രമണത്തിന് മിസോറാം പൊലീസുകാർ ലൈറ്റ് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന അതിർത്തിയായ ലൈലാപൂരിൽ മിസോറാം പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സി.ആർ.പി.എഫ് സാന്നിധ്യമാണ് കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത്.
വിഷയത്തിൽ ഇരു മുഖ്യമന്ത്രിമാരും തമ്മിൽ വാക്പോര് ശക്തമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇരുവിഭാഗവും ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ലൈലാപൂർ അതിർത്തിയിലുള്ള സുരക്ഷ വിഭാഗത്തിനു നേരെ മിസോറാം പക്ഷത്തെ സാമൂഹിക ദ്രോഹികൾ ചേർന്ന് കല്ലേറ് നടത്തുന്നത് തുടർക്കഥയായിരുന്നുവെന്നും ഒടുവിൽ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയായിരുന്നുവെന്നും അസം പൊലീസ് കുറ്റപ്പെടുത്തുന്നു. എന്നാൽ, ഐ.ജി.പിയുടെ നേതൃത്വത്തിൽ 200 ഓളം അസം സായുധ പൊലീസ് സംഘം അതിർത്തി കടന്ന് വയ്രെങ്റ്റെ ഓട്ടോ സ്റ്റാന്‍ഡിലെത്തി കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും മിസോറാമും കുറ്റെപ്പടുത്തി. തുടർന്നാണ് വെടിവെപ്പുണ്ടായത്.
അതേ സമയം, രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു സംസ്ഥാനങ്ങളിലെ പൊലീസുകാർ പരസ്പരം വെടിവെച്ച് നിരവധി പേർ കൊല്ലപ്പെടുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ''ഇന്ത്യയുടെ ചരിത്രത്തിൽ സമാനമായൊന്ന് ഉണ്ടായിട്ടില്ല. ഇത് നാണക്കേടാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിയാണ് ഭരിക്കുന്നത്. ക്രമസമാധാനം പാലിക്കാൻ സംസ്ഥാന സർക്കാറിനായില്ല. രണ്ടു സംസ്ഥാന സർക്കാറുകളും പിരിച്ചുവിടണം''- കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.