ലോക്സഭ; ഇത്തവണയും താരത്തിളക്കം
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയിലേക്ക് ജയിച്ചുകയറിയത് നിരവധി ചലച്ചിത്ര താരങ്ങൾ. കങ്കണ റണാവത്ത് മുതൽ ഹേമമാലിനിവരെ ഏറ്റവും കൂടുതൽ ‘സെലിബ്രിറ്റി’കളുള്ളത് ബി.ജെ.പിയിൽനിന്നാണ്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്ന് കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ തോൽപിച്ചാണ് കങ്കണയുടെ കന്നി പ്രവേശം. രാമായണം സീരിയലിൽ രാമന്റെ വേഷമിട്ട അരുൺ ഗോവിൽ മീററ്റിൽനിന്ന് കടുത്ത മത്സരത്തിൽ സമാജ്വാദി പാർട്ടിയുടെ സുനിത യാദവിനെ തോൽപിച്ചാണെത്തുന്നത്. മഥുരയിൽനിന്ന് ഹാട്രിക് വിജയവുമായാണ് ‘ഡ്രീം ഗേൾ’ ഹേമമാലിനി വീണ്ടും എം.പിയായത്. കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയിലും താരത്തിളക്കമാണ് ഹേമമാലിനിക്കും അരുൺ ഗോവിലിനും തുണയായത്. ഭോജ്പൂരി നടനും ഗായകനുമായ മനോജ് തിവാരിക്കും ഇത് ഹാട്രിക് ജയം. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസിന്റെ യുവ നേതാവ് കനയ്യ കുമാറാണ് തിവാരിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. യു.പിയിലെ ഗൊരഖ്പൂരിൽനിന്ന് പ്രശസ്ത ഭോജ്പൂരി നടൻ രവി കിഷൻ ജയിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് സുരേഷ് ഗോപിയാണ് ജയിച്ചവരിലെ സിനിമ താരം.
പശ്ചിമ ബംഗാളിലെ അസൻസോളിൽനിന്ന് ഗംഭീര ജയവുമായി ശത്രുഘ്നൻ സിഹ്ന വീണ്ടും ലോക്സഭയിലെത്തി. എ.ബി. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന ശത്രു പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസിലെത്തുകയായിരുന്നു. ബംഗാളിൽനിന്ന് നിരവധി താരങ്ങൾ ജയിച്ചു. മേദിനിപൂരിൽ ബംഗാളി നടൻ ജൂൺ മലിയയും ബിർഭൂമിൽ മൂന്നുതവണ എം.പിയും നടനുമായ ശതാബ്ദി റോയിയും ഹൂഗ്ലിയിൽ നടി രചന ബാനർജിയും ഘട്ടലിൽ നടൻ ദേവ് അധികാരിയും തൃണമൂൽ ടിക്കറ്റിൽ ജയിച്ചു. നടനും ജനസേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും മുന്നേറി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്ന ശീലം തുടങ്ങിയ ദക്ഷിണേന്ത്യയിൽ ഇത്തവണ മത്സരിച്ച താരങ്ങൾ വളരെ ചുരുക്കമാണ്. ഹിന്ദി സിനിമയിലെ ജനപ്രിയ മുഖങ്ങളായ നർഗീസ്, സുനിൽ ദത്ത്, രാജേഷ് ഖന്ന, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങിയവർ നേരത്തേ എം.പിമാരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.