വിനേഷ് ഫോഗട്ടിന് പിന്തുണയുമായി വൻ താരനിര
text_fieldsഒളിമ്പിക് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ താരമായിരുന്നു വിനേഷ് ഫോഗട്ട്. എന്നാൽ, ഫൈനലിന് തൊട്ടുമുമ്പ് അധികഭാരം എന്ന കാരണം പറഞ്ഞ് വിനേഷിനെ അയോഗ്യയാക്കി. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് വിനീഷിന് പിന്തുണയുമായി എത്തിയത്.
വിനേഷിനെ അയോഗ്യയാക്കിയ വാർത്ത തങ്ങളെ ഞെട്ടിച്ചുവെന്നാണ് സാമന്ത, ഫർഹാൻ അക്തർ, സോനാക്ഷി സിൻഹ, തപ്‌സി തുടങ്ങിയ താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മഹത്തായ നേട്ടം സ്വന്തമാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെയാണ് അഭിമുഖീകരിക്കുക. നിങ്ങൾ തനിച്ചല്ല. തിരിച്ചടികൾക്കിടയിലും പതറാതെ നിലനിൽക്കാനുള്ള നിങ്ങളുടെ കഴിവ് പ്രശംസനീയമാണ്. ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്.-എന്നാണ് സാമന്ത കുറിച്ചത്.
ബോളിവുഡ് താരവും നിർമാതാവുമായ ഫർഹാൻ അക്തർ വിനീഷിന്റെ ചിത്രത്തിനൊപ്പം കുറിച്ചതിങ്ങനെയാണ് "നിങ്ങൾ എത്രമാത്രം തകർന്നിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്താണ് നടന്നതെന്ന് ഞങ്ങൾക്ക് ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല. അന്വേഷണം ഇങ്ങനെ അവസാനിച്ചതിൽ ഹൃദയം തകരുന്നു. എന്നാൽ നിങ്ങളെക്കുറിച്ചും കായികരംഗത്ത് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളിലും ഞങ്ങൾ എല്ലാവരും അഭിമാനിക്കുന്നുവെന്നും ദയവായി അറിയുക. നിങ്ങൾ എപ്പോഴും ചാമ്പ്യനും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനവും ആയിരിക്കും. നിങ്ങളുടെ ശിരസ്സ് ഉയർത്തിപ്പിടിക്കുക''.
“വിനേഷ് ഫോഗട്ട് നിങ്ങൾ രാജ്യത്തിനാകെ പ്രചോദനമാണ്. ഒന്നിനും നിങ്ങളുടെ ധൈര്യം ഇല്ലാതാക്കാൻ കഴിയില്ല, ചരിത്രം സൃഷ്ടിക്കാൻ നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ ഒന്നിനും കഴിയില്ല! ”
ഇന്ന് നിങ്ങളുടെ ഹൃദയം തകർന്നിരിക്കണം, ഞങ്ങളും നിങ്ങളോടൊപ്പം ഹൃദയം തകർന്നിരിക്കുകയാണ്. നിങ്ങൾ ഇരുമ്പും ഉരുക്കുമാണ്. നിങ്ങളിൽ നിന്ന് അത് എടുത്തുകളയാൻ യാതൊന്നിനും കഴിയില്ല" ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.
നടി പാർവതി തിരുവോത്തും ഇൻസ്റാഗ്രാമിലൂടെ തന്‍റെ പിന്തുണയറിയിച്ചു - "വിനേഷ് നിങ്ങളാണ് ഞങ്ങളുടെ ഗോൾഡ് മെഡൽ, നിങ്ങൾ വിജയിയാണ്. ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, ഒപ്പം നില്കുന്നു."
സോനാക്ഷി സിൻഹ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഫോഗട്ടിൻ്റെ അയോഗ്യതയെക്കുറിച്ച് പറയുന്ന വാർത്താ ലേഖനം പങ്കിട്ടു. നിങ്ങൾ എപ്പോഴും ചാമ്പ്യൻ ആയിരിക്കും എന്നല്ലാതെ എന്ത് പറയണമെന്ന് എനിക്കറിയില്ല എന്നായിരുന്നു സോനാക്ഷിയുടെ വാക്കുകൾ.
ഇത് ഹൃദയഭേദകമാണെന്നും, സത്യസന്ധമായി ഈ സ്ത്രീ ഇതിനകം സ്വർണ്ണത്തിനപ്പുറം തൻ്റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും തപ്‌സി പന്നു പറഞ്ഞു.
100 ഗ്രാം അമിതഭാരമണെന്ന ഈ കഥ ആരാണ് വിശ്വസിക്കുന്നത്.- എന്നാണ് സ്വര ഭാസ്‌കർ എക്സിൽ കുറിച്ചത്.
സ്വര ഭാസ്‌കറിനൊപ്പം ഹുമ ഖുറേഷിയും വിനേഷിന് പിന്തുണ നൽകി ട്വീറ്റ് ചെയ്തു. ഫോട്ടിനെ പോരാടാൻ അനുവദിക്കണമെന്നാണ് ഹുമ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.