പറന്നകന്ന വാനമ്പാടി; അനുശോചനവും ഒാർമക്കുറിപ്പുകളുമായി പ്രമുഖർ
text_fieldsഅന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. നികത്താനാകാത്ത നഷ്ടമാണ് അവരുടെ വേർപാട് സൃഷ്ടിച്ചതെന്ന് അനുശോചനക്കുറിപ്പുകളെല്ലാം അടിവരയിട്ട് പറയുന്നു. പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ:
സ്നേഹം, ആദരം, പ്രാർഥന-എ. ആർ. റഹ്മാൻ
ചെന്നൈ: ദുഃഖഭരിതമായ ദിവസമാണിതെന്ന് എ.ആർ. റഹ്മാൻ. ലതാജി വെറുമൊരു ഗായികയോ പ്രതീകമോ മാത്രമല്ല. ഇന്ത്യയുടെ ചേതനയുടെ ഭാഗമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഉർദുവിന്റെയും ഹിന്ദി കാവ്യശാഖയുടെയും ഭാഗമാണ്. ഈ മരണം ഉണ്ടാക്കിയ വിടവ് എന്നെന്നും നിലനിൽക്കും. തന്റെ പിതാവ് ആർ.കെ. ശേഖറിന്റെ കിടക്കക്ക് അരികിൽ എപ്പോഴും ലത മങ്കേഷ്കറിന്റെ ചിത്രം ഉണ്ടായിരുന്നു, ആ ചിത്രവും കണ്ടാണ് അദ്ദേഹം ഉണരുക. റെക്കോഡിങ്ങുകൾക്ക് പോകുമ്പോഴുള്ള പ്രചോദനമായിരുന്നു ആ ചിത്രമെന്നും റഹ്മാൻ അനുസ്മരിച്ചു.
അവരോടൊപ്പം പാടാനും പാട്ടുകൾ റെക്കോഡ് ചെയ്യാനും കഴിഞ്ഞത് വലിയ ഭാഗ്യമാണ് (റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച് ലത മങ്കേഷ്കർ പാടിയ 'ദിൽ സെ' എന്ന ചിത്രത്തിലെ 'ജിയ ജലേ..,' രംഗ് ദേ ബസന്തി എന്ന ചിത്രത്തിലെ 'ലുക്ക ചുപ്പി..'എന്നീ ഗാനങ്ങൾ വലിയ ഹിറ്റുകളായിരുന്നു). സ്റ്റേജിൽ പാടുന്നതിന് മുമ്പ്, ലതാജി പാട്ടിെൻറ വരികൾ മാറിനിന്ന് പതിഞ്ഞ ശബ്ദത്തിൽ പാടിയുറപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ആദ്യമായി അത് കണ്ടതിനുശേഷം താനും അങ്ങനെ ചെയ്തു തുടങ്ങിയെന്നും റഹ്മാൻ പറഞ്ഞു. പാട്ടുകാരിൽ അവർ ചെലുത്തിയത് വലിയ സ്വാധീനമാണ്. ആ അനശ്വര ഗായികയെ ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം, ആദരം, പ്രാർഥന- എ. ആർ. റഹ്മാൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
വാക്കുകൾക്കതീതം -ഗുൽസാർ
മുംബൈ: കേവല വാക്കുകൾക്കതീതമായ ദിവ്യാത്ഭുതമായിരുന്നു ലത മങ്കേഷ്കറെന്ന് കവിയും ഗാനരചയിതാവുമായ ഗുൽസാർ. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണവർ. ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ടി.വിയൊക്കെ പിന്നീട് വന്നതാണ്. റേഡിയോ മാത്രമുണ്ടായിരുന്ന കാലത്ത് എല്ലാവരും ഉണരുന്നത് അവരുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നു. ഏത് ആഘോഷത്തിനും അവരുടെ ഗാനങ്ങളാണ്. ഹോളിയാകട്ടെ, ഈദാകട്ടെ, വിവാഹമാകട്ടെ, എവിടെയും അവരുടെ പാട്ടുകൾ മാത്രം. അതങ്ങനെതന്നെ തുടരും -ഗുൽസാർ കൂട്ടിച്ചേർത്തു.
ആ സ്വരം ഇനി സ്വർഗത്തിൽ അലയടിക്കും -ബച്ചൻ
മുംബൈ: ദശലക്ഷക്കണക്കിന് നൂറ്റാണ്ടുകളുടെ നാദമാണ് നമ്മിൽ നിന്ന് വിട്ടകന്നതെന്ന് അമിതാഭ് ബച്ചൻ. അവരുടെ സ്വരം ഇനി സ്വർഗത്തിൽ അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാൻ മിഠായിയും കബാബും അയക്കും, പകരം അവൾ എനിക്ക് സാരി അയച്ചുതരും -വഹീദ റഹ്മാൻ
മുംബൈ: ഗൈഡ് എന്ന ചിത്രത്തിലെ 'ആജ് ഭിർ ജീനേ കി തമന്ന ഹേ' പോലുള്ള ക്ലാസിക്കുകളോടൊപ്പം എന്നെന്നേക്കുമായി അടിയുറച്ചതായിരുന്നു താനും ലതയും തമ്മിലുള്ള ബന്ധമെന്ന് പ്രമുഖ നടി വഹീദ റഹ്മാൻ. മിഠായിയും സാരിയും കബാബും കൈമാറിയും ജീവിതത്തെക്കുറിച്ചുള്ള സംഭാഷണങ്ങളിലും കൂടിയാണ് ഇത് ഉരുത്തിരിഞ്ഞത്. 84കാരിയായ വഹീദ പറഞ്ഞു.
''എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. എല്ലാവർക്കും പല തരത്തിലാണ് നഷ്ടം. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല, ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കില്ലായിരിക്കാം, പക്ഷേ രണ്ടുപേരും സൗഹൃദം ആസ്വദിച്ചു. പരസ്പരം നന്നായി അറിയാം. അവൾ ഒരു നാണം കുണുങ്ങിയാണെന്ന് ആളുകൾ വിചാരിക്കും. പക്ഷേ അവളുടെ തമാശകൾ ഞാൻ കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയം എന്നും എന്നോടൊപ്പം ഉണ്ടാകും''-താരം കൂട്ടിച്ചേർത്തു.
നാലഞ്ചു വർഷങ്ങൾക്ക് മുമ്പ് മുംബൈ സബർബനിലെ അന്തരിച്ച ദിലീപ് കുമാറിന്റെ വീട്ടിൽവെച്ചാണ് തങ്ങൾ അവസാനമായി കണ്ടുമുട്ടിയത്. 'ഞാൻ അവൾക്ക് മിഠായി, കബാബ്, ബിരിയാണി എന്നിങ്ങനെ പലതും അയച്ചുകൊടുക്കും. പകരമായി, അവൾ എനിക്ക് മനോഹരമായ സാരികൾ അയച്ചുതരും.' എന്റെ കരിയറിലെ ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ പല ഗാനങ്ങൾക്കും അവർ ശബ്ദം നൽകി. ഗൈഡിലെ 'ആജ് ഭിർ ജീനേ കി തമന്ന ഹേ' എന്ന ഗാനമാണ് എനിക്ക് പ്രിയപ്പെട്ടത്. സത്യത്തിൽ ആ പാട്ട് അവർക്കും പ്രിയപ്പെട്ടതാണെന്ന് എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. ലതാജിയുടെ ഒരു വലിയ കാര്യം, പാട്ടിന്റെ മാനസികാവസ്ഥയും സാഹചര്യവും ആദ്യം മനസ്സിലാക്കുകയും പാട്ട് ചിത്രീകരിക്കാൻ പോകുന്ന അഭിനേതാവ് ആരെന്ന് അന്വേഷിക്കുകയും ചെയ്യാറുണ്ട് എന്നതാണ്. അതിനുശേഷം പാട്ട് പാടുകയും ചെയ്യും. കഥാപാത്ര അവതരണത്തിൽ ഇതെല്ലാം തനിക്ക് എളുപ്പമാക്കിയിരുന്നു-വഹീദ പറഞ്ഞു.
ഏറെ പ്രിയങ്കരമായ സ്വരം -രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലത മങ്കേഷ്കറിന്റെ സുവർണനാദം അനുവാചകരുടെ ഹൃദയത്തിൽ എന്നെന്നും പ്രതിധ്വനിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എത്രയോ ദശകങ്ങളായി ഇന്ത്യയുടെ പ്രിയങ്കര സ്വരമായി ലതാജി തുടരുകയാണ്. അവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതീവ ദുഃഖകരം -ഗവർണർ
തിരുവനന്തപുരം: ലത മങ്കേഷ്കറുടെ നിര്യാണം അതീവ ദുഃഖകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മിക്ക ഭാരതീയ ഭാഷകളിലും പാടിയ ലതാജി ഭാഷയ്ക്കും ദേശത്തിനും അതീതമായി ജനതയെ ഒരുമിപ്പിക്കാൻ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിച്ചു. എണ്ണമറ്റ ഗാനങ്ങളിലൂടെ ലതാജി നമ്മുടെ മനസ്സിൽ ജീവിക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സമാനതയില്ലാത്ത സംഗീതജ്ഞ -മുഖ്യമന്ത്രി
തിരുവനന്തപുരം: ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലത മങ്കേഷ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകളുണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലത മങ്കേഷ്കർക്കുള്ളത്. പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
സംഗീത ലോകത്തിന് കനത്ത നഷ്ടം -സ്പീക്കർ
തിരുവനന്തപുരം: ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ്. സമാനതകളില്ലാത്ത ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണെന്നും സ്പീക്കർ പറഞ്ഞു.
തലമുറകളെ ആനന്ദിപ്പിച്ച ഗായിക -കെ. സുധാകരൻ
തിരുവനന്തപുരം: സ്വരമാധുരി കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ ലത മങ്കേഷ്കറിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി അനുശോചിച്ചു. മാസ്മരികശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച ഗായികയുടെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണ്. സംഗീതലോകത്ത് ഇതിഹാസം തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ലത മങ്കേഷ്കറെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.