അമർത്യസെന്നിന്റെ വാക്കുകൾക്ക് കത്തിെവക്കാൻ സെൻസർ ബോർഡ്
text_fieldsകൊൽക്കത്ത: തീവ്ര ഹിന്ദുത്വവാദികളെ തുറന്നുകാട്ടുന്ന അമർത്യസെന്നിെൻറ വാക്കുകൾക്ക് കത്തിവെക്കാൻ സെൻസർ ബോർഡും. നൊേബൽ ജേതാവും ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെൻററിക്ക് പ്രദർശനാനുമതി ലഭിക്കണമെങ്കിൽ നാലു വാക്കുകൾ നിശ്ശബ്ദമാക്കണമെന്ന് കേന്ദ്ര സെൻസർ ബോർഡാണ് ആവശ്യപ്പെട്ടത്.
അമർത്യസെന്നിെൻറ ശിഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ സുമൻ ഘോഷ് സംവിധാനംചെയ്ത ‘താർക്കികനായ ഇന്ത്യക്കാരൻ’ എന്ന ഡോക്യുെമൻററിയിൽ പശു, ഗുജറാത്ത്, ഇന്ത്യയെക്കുറിച്ച് ഹിന്ദുത്വവാദികളുടെ കാഴ്ചപ്പാട്, ഹിന്ദു ഇന്ത്യ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്തയിലെ മേഖല സെൻസർ ബോർഡ് വാക്കാൽ ആവശ്യപ്പെട്ടു. എന്നാൽ, സംവിധായകൻ ഇതിന് വഴങ്ങിയില്ല. മൂന്നു മണിക്കൂർ നീണ്ട സ്ക്രീനിങ്ങിൽ തെൻറ ഡോക്യുമെൻററി സെൻസർ ബോർഡ് അംഗങ്ങൾ വിശദമായി കണ്ടതായി സുമൻ ഘോഷ് പറഞ്ഞു.
അമർത്യസെന്നുമായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൗശിക് ബസു നടത്തുന്ന അഭിമുഖത്തിൽ ഇൗ വാക്കുകൾ വളരെ പ്രധാനമാണെന്നും ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെൻസർ ബോർഡിെൻറ രേഖാമൂലമുള്ള അറിയിപ്പിന് കാത്തിരിക്കുകയാണ്. എന്തായാലും തെൻറ നിലപാടിൽ മാറ്റമില്ലെന്നും സുമൻ ഘോഷ് പറഞ്ഞു.
ഡോക്യുെമൻററിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തീവ്രവലതുപക്ഷ വാദികളുടെ വളർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അമർത്യെസൻ സംസാരിക്കുന്നുണ്ട്. 2002 മുതൽ കൗശിക് ബസു നടത്തിയ അഭിമുഖമാണ് ഡോക്യുെമൻററി.
അതേസമയം, സുമൻ ഘോഷിെൻറ ഡോക്യുമെൻററിയിലെ അമർത്യസെന്നിെൻറ വാചകങ്ങളിൽനിന്ന് ‘പശു’, ‘ഗുജറാത്ത്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട സെൻസർ ബോർഡ് നടപടിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശക്തമായി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.