രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്
text_fieldsന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധി സംസാരിക്കുന്ന സമയത്തിന്റെ 40 ശതമാനം പോലും അദ്ദേഹത്തിന്റെ മുഖം കാണിക്കാത്ത സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി ടി.എൻ പ്രതാപൻ ലോക്സഭ സ്പീക്കർക്കും സെക്രട്ടറി ജനറലിനും കത്ത് നൽകി. സൻസദ് ടി.വിയുടെ നടപടി നൈതിക വിരുദ്ധമാണെന്ന് പ്രതാപൻ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി 12.09 മുതൽ 12.46 വരെ 37 മിനിറ്റ് പ്രസംഗിച്ചതിൽ സൻസദ് ടി.വിയിൽ രാഹുൽ ഗാന്ധിയെ കാണിച്ചത് 14 മിനിറ്റും 37 സെക്കൻഡും നേരമാണ്. ബാക്കി നേരമത്രയും സ്പീക്കറെയും സഭാംഗങ്ങളെയും കാണിച്ചുകൊണ്ടിരുന്നു. മണിപ്പൂരിനെ കുറിച്ച് 15 മിനിറ്റും 42 സെക്കൻഡും സംസാരിച്ചതിൽ സൻസദ് ടി.വി രാഹുലിനെ കാണിച്ചത് നാല് മിനിറ്റ് മാത്രമാണ്. അതേസമയം, അതിന് ശേഷം പ്രസംഗിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനി 53 മിനിറ്റ് സംസാരിച്ച വേളയിൽ 49 മിനിറ്റും 10 സെക്കൻഡും സൻസദ് ടി.വി അവരുടെ മുഖം കാണിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇതിനെതിരെ രംഗത്തുവന്നിരുന്നു. “അന്യായമായി കൽപിച്ച അയോഗ്യതക്ക് ശേഷം പാർലമെന്റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയത്തിനിടെ ഉച്ച 12:09 മുതൽ 12:46 വരെ പ്രസംഗിച്ചു. അതായത് 37 മിനിറ്റ്. എന്നാൽ, സൻസദ് ടി.വി ക്യാമറ അദ്ദേഹത്തെ കാണിച്ചത് 14 മിനിറ്റ് 37 സെക്കൻഡ് മാത്രമാണ്. അതായത്, 40 ശതമാനം സമയത്തിലും താഴെ! എന്താണ് മിസ്റ്റർ മോദി ഭയപ്പെടുന്നത്?. ഇത് വളരെ മോശം! മണിപ്പൂർ വിഷയത്തിൽ 15 മിനിറ്റ് 42 സെക്കൻഡാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സൻസദ് ടി.വിയുടെ കാമറ 11 മിനിറ്റ് 8 സെക്കൻഡ് സ്പീക്കർ ഓം ബിർളയെ ഫോക്കസ് ചെയ്തു, അതായത് 71 ശതമാനം സമയം. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോൾ 4 മിനിറ്റ് 34 സെക്കൻഡ് മാത്രമാണ് സൻസദ് ടി.വി രാഹുൽ ഗാന്ധിയെ വിഡിയോയിൽ കാണിച്ചത്’, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ (ട്വിറ്റർ) ജയറാം രമേശ് കുറിച്ചു.
അയോഗ്യത പിൻവലിച്ചതിനെ തുടർന്ന് എംപിയായി തിരിച്ചെടുത്ത ശേഷമുള്ള ആദ്യ പ്രസംഗമാണ് രാഹുൽ ഗാന്ധി ബുധനാഴ്ച ലോക്‌സഭയിൽ നടത്തിയത്. മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രസംഗം. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.