കോവിഡ് കേസുകൾ ഉയരുന്നു; കേരളമടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്രം വീണ്ടും കത്തയച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപരിശോധന ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും കത്തയച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,240 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2.81 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.
പുതിയ കേസുകളിൽ 81 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തില്‍ പറയുന്നു.
രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി രോഗവ്യാപനത്തിന്‍റെ കൃത്യമായ ചിത്രം മനസിലാക്കണം. പനി, ശാസം മുട്ട് തുടങ്ങിയ രോഗലക്ഷണളുടെ കൃത്യമായ നിരീക്ഷണത്തിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിള്‍ പരിശോധനയും, ജനിതിക ശ്രേണീകരണവും രോഗ വ്യാപനം കൂടുന്ന മേഖലയിലെ പരിശോധന പോലെ ഊര്‍ജിതമാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചു.
എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതെന്നും സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയും കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.