ജമാ മസ്ജിദ് തകർച്ചഭീഷണിയിലായത് അറിഞ്ഞില്ലെന്നു കേന്ദ്രം
text_fieldsന്യൂഡൽഹി: ഡൽഹി ജമാ മസ്ജിദ് തകർന്നുവീഴാറായതിനെക്കുറിച്ച് തങ്ങൾക്ക് ഒരറിവുമില്ലെന്നും ഇതിെൻറ അറ്റകുറ്റപ്പണികൾക്ക് ഒരപേക്ഷയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു. തകർച്ചഭീഷണിയിലായ ജമാ മസ്ജിദിെൻറ കാര്യത്തിൽ കൈക്കൊണ്ട നടപടി വ്യക്തമാക്കാൻ മുസ്ലിം ലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് രാജ്യസഭയിൽ ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്ര സാംസ്കാരിക മന്ത്രി മീനാക്ഷി ലേഖി ഈ മറുപടി നൽകിയത്.
ജമാ മസ്ജിദിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഡൽഹി ശാഹി ഇമാമും അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെങ്കിലും അത് നിഷേധിച്ചുകൊണ്ടാണ് മീനാക്ഷി ലേഖിയുടെ അവകാശ വാദം. അത്തരത്തിലൊരു കത്തും സർക്കാറിന് ലഭിച്ചിട്ടില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു. സർക്കാറിെൻറ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ഡൽഹി ജമാ മസ്ജിദിെൻറ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്താൻ സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്നും ഫണ്ട് നീക്കിവെച്ചിട്ടില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
എന്നാൽ, സംരക്ഷിത സ്മാരകമല്ലാത്തവക്ക് പ്രത്യേകം അപേക്ഷ സമർപ്പിച്ചാൽ പരിഗണിക്കും. അത്തരമൊരു അപേക്ഷയും ജമാ മസ്ജിദിെൻറ കാര്യത്തിൽ ലഭിച്ചിട്ടില്ല. കാലാകാലങ്ങളായി ജമാ മസ്ജിദിെൻറ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആയിരുന്നു.
എന്നാൽ, സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിലില്ലാത്ത, പ്രാധാന്യമർഹിക്കുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി നീക്കിവെച്ച പ്രത്യേക ഫണ്ടിൽനിന്ന്, കത്ത് ലഭിക്കാതെ ജമാ മസ്ജിദിന് പണം അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പി.വി. അബ്ദുൽ വഹാബ് എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.