കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതി; അനുകൂല തീരുമാനത്തിന് കേന്ദ്രം കമ്മിറ്റികളുണ്ടാക്കുന്നു
text_fieldsന്യൂഡൽഹി: തങ്ങൾക്ക് അനുകൂലമായ തീരുമാനം കിട്ടാൻ ഒരേ വിഷയത്തിൽ വീണ്ടും കമ്മിറ്റികളെ നിയോഗിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വിനാശകരമായ രാസവസ്തുക്കളും കീടനാശിനികളും നിരോധിക്കുന്നത് പഠിക്കാൻ വീണ്ടും വിദഗ്ധ സമിതിയെ നിയോഗിച്ച കേന്ദ്ര സർക്കാർ നടപടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിമർശനത്തിലേക്ക് നയിച്ചത്.
കേന്ദ്ര സർക്കാർ ആദ്യം നിയോഗിച്ച വിദഗ്ധ സമിതി 27 കീടനാശിനികൾ നിരോധിക്കാൻ നൽകിയ ശിപാർശ മുന്നിലുള്ളപ്പോൾ വീണ്ടും സമിതികളെ നിയോഗിക്കുന്നതിലെ യുക്തി ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു.
2015ൽ ഡോ. അനുപം വർമ സമിതി പരിശോധിച്ച 66 കീടനാശിനികളിൽ 27 എണ്ണം നിരോധിക്കാൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ, കീടനാശിനി വ്യവസായത്തിന്റെ എതിർപ്പിനെ തുടർന്ന് കേന്ദ്ര സർക്കാർ വിഷയം വീണ്ടും പഠിക്കാൻ ഡോ. എസ്.കെ. മൽഹോത്ര കമ്മിറ്റിയുണ്ടാക്കി. ആദ്യ ശിപാർശ ശരിവെച്ച് 27 കീടനാശിനികൾ നിരോധിക്കണമെന്നായിരുന്നു 2018ലെ രണ്ടാം കമ്മിറ്റിയുടെ ശിപാർശ. അതും നടപ്പാക്കാതെ മൂന്നാമതായി കീടനാശിനി രജിസ്ട്രേഷൻ സമിതി എന്ന പേരിൽ ഡോ. എസ്.കെ ഖുരാന അധ്യക്ഷനായി മൂന്നാമത് ഒരു ഉപ കമ്മിറ്റിയുണ്ടാക്കി. ഈ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയം ചില കീടനാശിനികൾ നിരോധിക്കാൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.
മൂന്നെണ്ണം മാത്രം നിരോധിക്കാനുള്ള കരട് വിജ്ഞാപനം ചോദ്യം ചെയ്ത ഹരജിക്കാരിയായ ബംഗളൂരുവിലെ കവിത കറുഗാണ്ടിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അനുപം വർമ കമ്മിറ്റിയും ഖുരാന കമ്മിററിറ്റിയും 27 കീടനാശിനികൾ നിരോധിക്കാനാണ് ശിപാർശ ചെയ്തതെന്നും എന്നിട്ടിപ്പോൾ പുതുതായി ഒരു രാജേന്ദ്രൻ കമ്മിറ്റിയെ കൂടി നിയമിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഈ വാദത്തിൽ ഇടപെട്ടാണ് ബെഞ്ച് കേന്ദ്ര സർക്കാറി?f വിമർശിച്ചത്. എന്തിനാണ് കേന്ദ്രം ഇത്രയധികം കമ്മിറ്റികളുണ്ടാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഖുരാന കമ്മിറ്റിയുടെ ശിപാർശയിൽനിന്ന് വ്യത്യസ്തമായി രാജേന്ദ്രൻ കമ്മിറ്റി വ്യത്യസ്ത നിലപാടെടുക്കാനുണ്ടായ കാരണം തങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.