വാക്സിനേഷനിൽ അമേരിക്കയെ കടത്തിവെട്ടിയെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ ഒറ്റ ഡോസ് എങ്കിലും സ്വീകരിച്ചവരുടെ എണ്ണത്തിെൻറ കാര്യത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നുവെന്ന വാദവുമായി കേന്ദ്രസർക്കാർ. അമേരിക്ക 16.9 കോടി ഡോസ് വാക്സിൻ നൽകിയെങ്കിൽ ഇന്ത്യ നൽകിയത് 17.2 കോടി ഡോസാണ്. അടുത്ത ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കുമെന്നും നിതി ആയോഗ് ആരോഗ്യ വിഭാഗം അംഗം വി.കെ. പോൾ പറഞ്ഞു.
60 വയസ്സു കഴിഞ്ഞവരിൽ 43 ശതമാനം പേർക്ക് ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ ഇത് 50 ശതമാനമായി ഉയർത്താനാവുമെന്നാണ് പ്രതീക്ഷ. 45 കഴിഞ്ഞവരിൽ 37 ശതമാനത്തിനും ഒരു ഡോസ് നൽകി. അന്താരാഷ്ട്ര തലത്തിൽ 10 ലക്ഷം പേർക്കിടയിൽ കോവിഡ് ബാധിതർ ശരാശരി 22,181 ആണെങ്കിൽ ഇന്ത്യയിൽ 20,519 മാത്രമാണ്.
കോവിഡ് മരണത്തിെൻറ ആഗോള ശരാശരി 10 ലക്ഷത്തിൽ 477 ആണെങ്കിൽ 245 ആണ് ഇന്ത്യയിലെ മരണനിരക്ക്. ദേശീയാടിസ്ഥാനത്തിൽ നോക്കിയാൽ, മേയ് ഏഴിലെ ഉച്ചസ്ഥായിയിൽനിന്ന് കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ 68 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കർക്കശ നടപടികൾ വഴിയാണ് ഇതിന് സാധിച്ചത്.
നിയന്ത്രണം കുറച്ചു കൊണ്ടുവന്നാലും ജാഗ്രതയും അച്ചടക്കവും പാലിച്ചേ മതിയാവൂ. നമ്മുടെ ജാഗ്രത കുറഞ്ഞാൽ, പ്രതിസന്ധി വീണ്ടും വരാമെന്ന് ഓർക്കണം. നിയന്ത്രണ നടപടികൾ കുറയുന്നതും വാക്സിൻ നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതും വിഷമഘട്ടങ്ങളിലേക്ക് നയിച്ചെന്നുവരും.
ജനുവരിയിലും ഫെബ്രുവരിയിലും കാണിച്ച സ്വഭാവരീതിയിലേക്ക് ഉടൻ തിരിച്ചുപോയാൽ വീണ്ടും തരംഗവും ഉച്ചസ്ഥായിയും തീർച്ചയായും ഉണ്ടാവും. നല്ലൊരു പങ്ക് ജനങ്ങൾക്കും വാക്സിൻ നൽകുന്നതുവരെ സമയം നീട്ടിയെടുക്കേണ്ടിയിരിക്കുന്നു. അതുവരെ ജാഗ്രതയും തുടരണം. അതുകൊണ്ട് കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള യാത്ര ഇപ്പോഴും ദുഷ്കരമാണെന്നും വി.കെ. പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.