60 ഹൈകോടതി ജഡ്ജി നിയമന ശിപാർശ തള്ളി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ഹൈകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം സമർപ്പിച്ച 60 ശിപാർശകൾ കേന്ദ്ര സർക്കാർ തള്ളി. ഹൈകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ശിപാർശകളിൽ 110 പേരെ നിയമിച്ചുവെന്നും നടപടിക്രമം കഴിയാത്തതിനാൽ 122 പേരുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു. ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശകൾ പലതും കേന്ദ്ര സർക്കാർ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചതിനെ കുറിച്ച് രാജ്യസഭയിൽ പ്രതിപക്ഷ എം.പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ഹൈകോടതികളിൽ 324 ജഡ്ജിമാരുടെ ഒഴിവുണ്ടെന്നും 1,114 പേർ വേണ്ടിടത്ത് 790 ജഡ്ജിമാർ മാത്രമാണുള്ളതെന്നും കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു.
ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശകളിൽ ചിലതുമാത്രം തെരഞ്ഞെടുക്കുന്ന കേന്ദ്രത്തെ ചോദ്യം ചെയ്ത ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിൽനിന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പൊടുന്നനെ മാറ്റിയ വിവാദത്തിനിടയിലാണ് ജഡ്ജി നിയമനത്തിലെ കേന്ദ്ര നിലപാട് രാജ്യസഭയിൽ ചോദ്യം ചെയ്യപ്പെട്ടത്. സ്വതന്ത്ര ജുഡീഷ്യറിയിൽ സർക്കാറിന് ഒരു റോളുമില്ലാതിരുന്നിട്ടും എന്തിനാണ് കൊളീജിയം ശിപാർശകൾ പിടിച്ചുവെച്ചിരിക്കുന്നതെന്ന് ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എം.പി ശക്തി സിങ് ഗോഹിൽ ചോദിച്ചു.കൊളീജിയം ജഡ്ജിമാരാക്കാൻ അംഗീകാരം നൽകിയ അഭിഭാഷകരുടെ പേരുകൾ രാഷ്ട്രീയ ആദർശവും കാഴ്ചപ്പാടുകളും മാത്രം നോക്കി സർക്കാർ അംഗീകരിക്കുന്നില്ലെന്ന് തമിഴ്നാട്ടിൽനിന്നുള്ള ഡി.എം.കെ എം.പി എൻ.ആർ. ഇളങ്കോ ചൂണ്ടിക്കാട്ടി.
എന്നാൽ, 292 ഹൈകോടതി ജഡ്ജി നിയമനത്തിനുള്ള ശിപാർശകളാണ് കേന്ദ്രത്തിന്റെ പക്കലുണ്ടായിരുന്നതെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ മറുപടി നൽകി. കൊളീജിയം സമ്പ്രദായത്തിന് പകരം ജഡ്ജി നിയമനത്തിന് ബദൽ സംവിധാനം നിർദേശിക്കുന്ന മെമോറാണ്ടം ഓഫ് പ്രൊസീജ്യർ (എം.ഒ.പി) സുപ്രീംകോടതിയിൽ സമർപ്പിച്ചുകഴിഞ്ഞതാണെന്നും ഇത് കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.