സ്വർണക്കടത്ത് വിചാരണ കേരളത്തില്‍ നടത്തുന്നത് അസാധ്യമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുളള സ്വര്‍ണക്കടത്ത് കേസിലെ പ്രതി കോടതി മുമ്പാകെ നല്കിയ ക്രിമിനല്‍ നടപടിക്രമം 164 പ്രകാരമുള്ള മൊഴി കണക്കിലെടുത്ത് കേസിന്റെ അന്വേഷണം തുടരുമെന്ന് എന്‍.കെ. പ്രേമചന്ദ്രനെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു.
സംസ്ഥാന ഭരണയന്ത്രം അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നവിധം അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിനാല്‍ കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നത് അസാധ്യമാക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് ഇതിനു തെളിവാണ്. ഇതുവരെ കേസ് അന്വേഷണത്തില്‍ സംഭവിക്കാത്ത ഒരു സാഹചര്യമാണിത്. ഇ.ഡി യുടെ നിയമപരമായ ചുമതല നിർവഹിക്കാന്‍ അനുവദിക്കാത്തവിധം സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്ന സാഹചര്യത്തില്‍ കേസിന്റെ വിചാരണ ശരിയായ രീതിയിൽ കേരളത്തില്‍ നടത്തുന്നത് അസാധ്യമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി വിശദീകരിച്ചു.
ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേരളത്തിലെ ക്രൈംബ്രാഞ്ച് എറണാകുളം സ്റ്റേഷനില്‍ രണ്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇ.ഡി ഇതിനെതിരെ കേരള ഹൈകോടതിയില്‍ ഹരജി നല്‍കുകയും രണ്ട് എഫ്.ഐ.ആറും ഹൈകോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമീഷനെയും നിയമിച്ചു.
ഇ.ഡി നല്കിയ അപ്പീലില്‍ ജുഡീഷ്യല്‍ കമീഷന്റെ നിയമനം ഹൈകോടതി സ്റ്റേ ചെയ്തു. ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.