പോപുലർ ഫ്രണ്ടിനെതിരെ നിയമോപദേശം തേടി കേന്ദ്രം
text_fieldsന്യൂഡൽഹി: ദേശവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാർ, നിയമവശങ്ങളുടെ പരിശോധനയിൽ. നിരോധനം കോടതികയറുന്ന വിഷയമായതിനാൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടുനീങ്ങണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനുള്ള നിയമോപദേശം.
വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ തന്നെ, സർക്കാർ വാദം കോടതിക്കു മുമ്പാകെ നിലനിൽക്കാൻ മതിയായ തെളിവുകൾ വേണം. അറസ്റ്റിനുശേഷം ചോദ്യം ചെയ്യലും ദേശവിരുദ്ധ പ്രവർത്തനത്തിന്റെ തെളിവുശേഖരണ ശ്രമവും തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും അടുത്ത നടപടി.
2008ലെ സിമി നിരോധനം കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടിവന്നിരുന്നു. പിന്നീട് വീണ്ടും നിരോധിക്കുകയായിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിയമവശങ്ങളുടെ വിശദ പരിശോധന. യു.എ.പി.എ, കള്ളപ്പണ നിരോധന നിയമങ്ങൾ പ്രകാരം ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) മുന്നോട്ടുവെക്കുന്ന തെളിവുകൾ മുൻനിർത്തി ആഭ്യന്തര മന്ത്രാലയമാണ് നിരോധന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
ഭീകര സംഘടന ബന്ധം, ദേശദ്രോഹ പ്രവർത്തനത്തിന് വിദേശ സഹായം, തീവ്രവാദ പരിശീലനം, ആയുധ, സ്ഫോടകവസ്തു ഉപയോഗം, കള്ളപ്പണ ഇടപാട്, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറം ധനസഹായം തുടങ്ങിയ ആരോപണങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാറിന് കഴിയണം.
റെയ്ഡിനും അറസ്റ്റിനും ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയിരുന്നു. പോപുലർ ഫ്രണ്ടിനെതിരായ ആരോപണങ്ങളിലെ വസ്തുതകൾ അവലോകനം ചെയ്ത് തുടർനടപടികളിലേക്ക് കടക്കാനാണ് തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.