നിശ്ശബ്ദനാക്കാൻ കേന്ദ്രം; കീഴടങ്ങാതെ രാഹുൽ
text_fieldsരാഹുൽ ഗാന്ധിയെ ‘പാഠം പഠിപ്പിക്കാൻ’ ഇടവേളകില്ലാതെ കേസുകളിൽ പെടുത്തുകയാണ് മോദി സർക്കാറിന്റെ വിവിധ ഭരണയന്ത്രങ്ങൾ. എന്നാൽ ഓരോ കേസ് വരുമ്പോഴും വിമർശനത്തിന്റെ മൂർച്ച കൂട്ടുന്ന രാഹുലിനെതിരെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഭരണാനുകൂല കേന്ദ്രങ്ങൾ നടത്തിയ പ്രധാന നിയമനടപടികൾ ഇവയാണ്:
സവർക്കർ വിമർശനം
2023 ഏപ്രിൽ: കേംബ്രിഡ്ജിലെ പ്രസംഗത്തിൽ സവർക്കറെ അപമാനിച്ചുവെന്നാരോപിച്ച് പുണെ മജിസ്ട്രേറ്റ് കോടതിയിൽ കേസ്. സവർക്കറുടെ കൊച്ചനന്തരവൻ സത്യാ സവർക്കറായിരുന്നു പരാതിക്കാരൻ. ഏതെങ്കിലും മുസ്ലിം വിശ്വാസിയെ അടിച്ചുവീഴ്ത്തിയാൽ ആ ദിവസം ധന്യമായെന്ന് ഒരു പുസ്തകത്തിൽ സവർക്കർ കുറിച്ചുവെന്നായിരുന്നു രാഹുലിന്റെ പരാമർശം.
2022 നവംബർ: സവർക്കർ ബ്രിട്ടീഷുകാർക്ക് പലതവണ മാപ്പപേക്ഷ നൽകിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ താണെ പൊലീസ് കേസെടുത്തു. ശിവസേന ഷിൻഡെ വിഭാഗം നേതാക്കളാണ് പരാതി നൽകിയത്.
റഫാൽ ആരോപണം
2018 ഒക്ടോബർ: റഫേൽ ഇടപാടിൽ മോദിയുടെ പങ്കിനെച്ചൊല്ലിയുള്ള രാഹുലിന്റെ പരാമർശത്തിനെതിരെ അപകീർത്തിക്കേസ്. ബി.ജെ.പി നേതാവ് ശ്രീശ്രീമാൽ ആണ് മുംബൈ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ആർ.എസ്.എസും കൗരവരും
2023 മാർച്ച്: രാഹുൽ അയോഗ്യനാക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ഹരിദ്വാർ മജിസ്ട്രേറ്റ് കോടതിയിൽ അദ്ദേഹത്തിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ കമൽ വദോരിയ കേസ് ഫയൽ ചെയ്തു. ആർ.എസ്.എസിനെ ‘21ാം നൂറ്റാണ്ടിലെ കൗരവർ’ എന്ന് വിശേഷിച്ചുവെന്നായിരുന്നു പരാതി.
ഗൗരി ലങ്കേഷ് വധം
2018 ഏപ്രിൽ: ഗൗരി ലങ്കേഷ് വധത്തിനുപിന്നിൽ ആർ.എസ്.എസ് കരങ്ങളാണെന്ന രാഹുലിന്റെ പ്രസംഗത്തിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ ധ്രുതിമാൻ ജോഷ് നൽകിയ പരാതി മുംബൈയിലെ സേവ്രി കോടതി ഫയലിൽ സ്വീകരിച്ചു.
അമിത് ഷാ വിമർശനം
2019 മേയ്: അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ചുവെന്നാരോപിച്ച് കൃഷ്ണവദൻ എന്നയാൾ അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തു.
2019 ഏപ്രിൽ: നോട്ട് നിരോധന കാലത്ത് അമിത് ഷായും സംഘവും കള്ളപ്പണ ഇടപാട് നടത്തിയെന്ന രാഹുലിന്റെ ആരോപണത്തിനെതിരെ അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ചെയർമാന്റെ പരാതി. പ്രസ്തുത ബാങ്കിന്റെ ഡയറക്ടറായിരുന്നു അക്കാലത്ത് അമിത് ഷാ.
ലണ്ടൻ പ്രഭാഷണവും വിവാദങ്ങളും
2023 ഫെബ്രുവരി: കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിൽ ജനാധിപത്യം തകരുന്നതായി പരാമർശമുണ്ടായിരുന്നു. ഇത് ഇന്ത്യവിരുദ്ധ പ്രസംഗമാണെന്ന് ആരോപിച്ച് ഭരണപക്ഷം, രാഹുലിനെ പാർലമെന്റിൽനിന്ന് പുറത്താക്കാൻ നടപടി ആരംഭിച്ചു.
തന്റെ ഭാഗം വിശദീകരിക്കാൻ രാഹുലിന് അവസരം നൽകാതെ, അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം സ്പീക്കർക്ക് കത്ത് നൽകി.
അയോഗ്യതാ നാടകം
2023 മാർച്ച് 23: 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എന്തുകൊണ്ട് വന്നു?’ എന്ന പരാമർശത്തിനെതിരെ ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയുമായ പൂർണേഷ് മോദി സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പോയി. പരാമർശത്തിൽ മാപ്പുപറയാൻ തയാറാകാതിരുന്ന രാഹുലിന് പരമാവധി ശിക്ഷതന്നെ കോടതി നൽകി.
അതോടെ അദ്ദേഹത്തിന്റെ പാർലമെന്റംഗത്വം റദ്ദായി. വിധിവന്ന് 24 മണിക്കൂർ തികയുംമുമ്പേ, ലോക്സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി. ഹൈകോടതിയും രാഹുലിന്റെ ശിക്ഷ ശരിവെച്ചു. 130 ദിവസത്തിനുശേഷം സുപ്രീംകോടതിയാണ് ശിക്ഷ റദ്ദാക്കിയത്. അതോടെ അംഗത്വവും തിരിച്ചുകിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.