കേന്ദ്രം വാക്സിൻ ഇറക്കുമതി ചെയ്യില്ല ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്; വാക്സിനേഷൻ വൈകും
text_fieldsന്യൂഡൽഹി: മറ്റുരാജ്യങ്ങൾ വികസിപ്പിച്ച കോവിഡ് വാക്സിൻ കേന്ദ്രസർക്കാർ നേരിട്ട് ഇറക്കുമതിചെയ്യില്ല. ആവശ്യമുള്ള സംസ്ഥാനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി ഇറക്കുമതി ചെയ്യാം. ഏറ്റവും വേഗത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്നതിന് കേന്ദ്രനിലപാട് തടസ്സമാകും. കേന്ദ്രസർക്കാറിെൻറ നേതൃത്വത്തിൽ പുറത്തുനിന്ന് വാക്സിൻ സംഭരണം നടത്തുന്ന വേഗത്തിൽ സ്വകാര്യ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കും നടപടികൾ പൂർത്തിയാക്കാനാവില്ല. ഒപ്പം, വാക്സിന് പല വില ഈടാക്കുന്ന സ്ഥിതി വരും.
രാജ്യം നിർമിച്ച വാക്സിനുകൾ ഇന്ത്യക്കാർക്കും മുേമ്പ മറ്റു രാജ്യങ്ങൾക്ക് നൽകാൻ നേരത്തെ കേന്ദ്രസർക്കാർ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. വാക്സിനേഷൻ വേഗത കൂട്ടാൻ ഇറക്കുമതി ആവശ്യമായഘട്ടത്തിൽ പക്ഷേ, ചുമതലയിൽനിന്ന് പിന്മാറുന്നതാണ് കാഴ്ച. കോവിഡിെൻറ രണ്ടാം തരംഗം ജനജീവിതം നരകതുല്യമാക്കിയിരിക്കെയാണ്, വാക്സിനേഷൻ നടപടി വൈകാൻ ഇടയാക്കുന്ന സർക്കാർ നിലപാട്.
കോവിഡ്, വാക്സിൻ വിഷയങ്ങളിൽ വൻ വീഴ്ചപറ്റിയ സർക്കാർ, 18ന് മുകളിലുള്ള എല്ലാവർക്കും മേയ് ഒന്നു മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പണം കണ്ടെത്തി ഇറക്കുമതി ചെയ്യുന്നതടക്കം, ഈ ഉത്തരവാദിത്തം നിർവഹിക്കേണ്ട ചുമതല സംസ്ഥാനങ്ങളുടെ തലയിൽ ഇടുകയാണ് ഫലത്തിൽ ചെയ്യുന്നത്. 18 കഴിഞ്ഞവർക്കെല്ലാം വാക്സിൻ നൽകുന്ന പദ്ധതി നടപ്പാക്കാൻ ആവശ്യമായ സ്റ്റോക്ക് രാജ്യത്തില്ല. 45 കഴിഞ്ഞവർക്ക് വാക്സിൻ നൽകാനുള്ള പദ്ധതിയിൻകീഴിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ബഹുഭൂരിപക്ഷവും വാക്സിൻ ദൗർലഭ്യംമൂലം നിശ്ചിത കാലയളവിനുശേഷവും അനിശ്ചിതകാല ക്യൂവിലുമാണ്.
45ന് താഴെയുള്ളവർക്ക് കോവിഡ് വാക്സിൻ സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം നൽകിയാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. കുത്തിവെപ്പ് എടുക്കേണ്ട യുവാക്കൾ ഉയർന്ന വില കൊടുക്കേണ്ടിവരും. മേയ് ഒന്നു മുതൽ ഈ നയം പ്രാബല്യത്തിൽ വരും. സൗജന്യമായി നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് സംസ്ഥാനങ്ങളാണ്. അങ്ങനെ ചെയ്യുന്ന സംസ്ഥാനങ്ങൾ സാമ്പത്തികഭാരം ഏറ്റെടുക്കേണ്ടിവരും. മറുവശത്ത്, വാക്സിൻ നിർമാതാക്കൾക്ക് കൊള്ളലാഭം എടുക്കാൻ വഴിതുറക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.