താലിബാനോടുള്ള ഇന്ത്യയുടെ നയം പ്രഖ്യാപിക്കാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സങ്കീർണ സാഹചര്യങ്ങൾക്കിടയിൽ താലിബാനോടുള്ള ഇന്ത്യയുടെ നയം ഉടനടി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം. അഫ്ഗാൻ സാഹചര്യങ്ങൾ വിവിധ പാർട്ടികളോട് വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് സർക്കാറിെൻറ വിശദീകരണം.
സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ ഇക്കാര്യത്തിൽ സംയമനം പുലർത്തേണ്ടതുണ്ട്. അഫ്ഗാൻ ജനതയുമായുള്ള സൗഹൃദം നിലനിർത്തി മുന്നോട്ടു പോവുകയെന്നതാണ് ഇന്ത്യയുടെ ദീർഘകാല താൽപര്യമെന്നും യോഗത്തിൽ സർക്കാർ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും വേഗത്തിൽ കഴിയുന്നത്ര ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. ഇതിനകം 565 പേരെ ഇന്ത്യ കാബൂളിൽനിന്ന് ഒഴിപ്പിച്ചു. ഇതിൽ 175 പേർ നയതന്ത്ര കാര്യാലയ ജീവനക്കാരാണ്. 263 പേർ ഇന്ത്യൻ പൗരന്മാരും 112 പേർ അഫ്ഗാൻ പൗരന്മാരുമാണ്.
മറ്റു രാജ്യങ്ങളുടെ പൗരന്മാരായ 15 പേരെയും ഒഴിപ്പിച്ചു. 2020 ഫെബ്രുവരിയിൽ അമേരിക്കയുമായി ഉണ്ടാക്കിയ ദോഹ ധാരണ താലിബാൻ ലംഘിച്ചതായി വിദേശകാര്യ മന്ത്രി പറഞ്ഞു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയാറായില്ല. അഫ്ഗാൻ സാഹചര്യങ്ങളിൽ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. അഫ്ഗാനിലേക്ക് ഇന്ത്യ ഒന്നാകെ ഉറ്റു നോക്കുന്നുവെന്നിരിക്കേ, അവിടത്തെ സ്ഥിതിഗതികൾ നമ്മുടെ ഉത്കണ്ഠയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
31 പ്രതിപക്ഷ പാർട്ടികളിൽനിന്നായി 37 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, എൻ.സി.പി നേതാവ് ശരദ് പവാർ, മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, ടി.ആർ ബാലു (ഡി.എം.കെ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.