കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറി - കൊടിക്കുന്നിൽ സുരേഷ്
text_fieldsന്യൂഡൽഹി: കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറിയെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. ബി.ജെ.പി രാജ്യത്തുനിന്ന് അവരുടെ ശത്രുക്കളെ ഇല്ലാതാക്കാനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഏജൻസികളായി മാറി. ബി.ജെ.പി എന്ത് പറയുന്നോ അത് അവർ ചെയ്യും. പ്രതിപക്ഷത്തുള്ള നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അവരുടെ വീടുകൾ റെയ്ഡ് ചെയ്യാനും പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകൾ ഇ.ഡിക്കും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകുന്നു. പ്രതിപക്ഷത്തെ രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്" -കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ബുധനാഴ്ച കനത്ത സുരക്ഷയിൽ ആറുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ഹേമന്ത് സോറനെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചത്. രാത്രിയോടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പേ ഹേമന്ത് സോറൻ രാജിവെച്ചിരുന്നു. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജനുവരി 20ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ സോറനെ ഏഴുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.