15 പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ മോദി നിർദേശിച്ചതായി ആരോപണം
text_fieldsന്യൂഡൽഹി: 15 പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യാൻ സി.ബി.ഐ, എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത വർഷം നടക്കുന്ന ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടിയിലെ അടക്കം നേതാക്കൾക്കെതിരെ റെയ്ഡ് നടത്താനും എഫ്.ഐ.ആർ ഫയൽ ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചതായി അദ്ദേഹം ആരോപിച്ചു.
"നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 15 പേരുടെ പട്ടിക സി.ബി.ഐ, ഇ.ഡി, ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയതായി വിശ്വസനീയമായ ഉറവിടങ്ങളിലൂടെ ഞങ്ങൾ മനസ്സിലാക്കി'- സിസോദിയ ഡിജിറ്റൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മികച്ച പ്രവർത്തനവും ജനപ്രീതിയും കാരണം ബി.ജെ.പിക്ക് ഭീഷണി ആയവരുടെ പേരാണ് ലിസ്റ്റിൽ ഉള്ളതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'അസ്താനയാണ് മോദിയുടെ ബ്രഹ്മാസ്ത്രം. പട്ടികയിൽ പേരുള്ള ആളുകൾക്കെതിരെ നീങ്ങാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച കാര്യങ്ങളാണിത്. സത്യസന്ധതയുടെ രാഷ്ട്രീയത്തിലാണ് എ.എ.പി വിശ്വസിക്കുന്നത്. നിങ്ങൾ അന്വേഷണ ഏജൻസികളെ അയച്ചോളൂ. ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത്ര അന്വേഷണങ്ങളും റെയ്ഡുകളും ചെയ്യുക. ഞങ്ങൾ പിന്നോട്ട് പോകില്ല'- സിസോദിയ വ്യക്തമാക്കി.
'ഞങ്ങൾ നിങ്ങളോട് ഒരു കാര്യം ചോദിക്കുന്നു. ഇവർ നടത്തിയ കഴിഞ്ഞ റെയ്ഡുകൾക്ക് എന്ത് സംഭവിച്ചു. അതിൻെറ ഫലം എന്താണ്? എന്റെ വീട് രണ്ടുതവണ റെയ്ഡ് ചെയ്യപ്പെട്ടു. സത്യേന്ദ്ര ജെയിനെതിരെ 12 കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 21 എഎപി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. പല കേസുകളിലും നിസ്സാര കുറ്റങ്ങൾ ചുമത്തിയതിന് ഡൽഹി പൊലീസിനെ കോടതി ശാസിച്ചു' -സിസോദിയ പറഞ്ഞു.
'പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആം ആദ്മി ജനപ്രീതി നേടുന്നു. ഈ സംസ്ഥാനങ്ങളിൽ ചിലത് ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാണ്. ഇത് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് ഒരു ന്യായമായ മത്സരത്തിൽ ഏർപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ ഭയപ്പെടുത്താൻ സിബിഐ, ഇ.ഡി, രാകേഷ് അസ്താന എന്നിവരുടെ സഹായം മോദി എത്രനാൾ സ്വീകരിക്കും?'- അദ്ദേഹം ചോദിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഞങ്ങൾക്കെതിരെ നിരവധി വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയും റെയ്ഡുകൾ നടത്തുകയും ചെയ്തു, പക്ഷേ നിങ്ങൾക്ക് ഒന്നും കിട്ടിയില്ല. നിങ്ങൾക്ക് കൂടുതൽ വ്യാജ കേസുകൾ ഫയൽ ചെയ്യാനും റെയ്ഡുകൾ നടത്താനും താൽപ്പര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നതായി ശനിയാഴ്ച ഹിന്ദിയിൽ കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ എ.എ.പി അഴിമതി ആരോപണങ്ങൾ നേരിടുകയാണെന്നും കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കുമെതിരെ ചെളിവാരിയെറിയുകയാണെന്നും ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സിസോദിയയുടെ പരാമർശങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസ് കമീഷണർ അസ്താനയുടെ ഓഫീസും പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.