വിടാതെ കേന്ദ്ര റെയ്ഡ്
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ 15 ലക്ഷം രൂപ കോഴ വാങ്ങിയതിന് അറസ്റ്റിലായ രാജസ്ഥാൻ സംഭവം സൃഷ്ടിച്ച ആഘാതത്തിൽ ‘തളരാതെ’ വെള്ളിയാഴ്ചയും ദേശവ്യാപകമായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റെയ്ഡ്. രാജസ്ഥാനിൽ മുതിർന്ന ഐ.എസ്.എസ് ഓഫിസറുടെ വസതി, ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കാരനായ മന്ത്രിയുടെ വസതി എന്നിവിടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഡി.എം.കെ മന്ത്രിയെ വളഞ്ഞു. രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഇ.ഡിയുടെ അന്വേഷണ-തിരച്ചിൽ നടപടികൾ. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവ ബി.ജെ.പിയുടെ പ്രചാരകരും മുന്നണിപ്പോരാളികളുമായി പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താനും പാർട്ടി മാറ്റാനും ശ്രമിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാഷ്ട്രീയലക്ഷ്യങ്ങൾ ആരോപിച്ച് ഇ.ഡിയുടെ സമൻസ് ധിക്കരിച്ചത് കഴിഞ്ഞ ദിവസമാണ്.
വെള്ളിയാഴ്ച റെയ്ഡ് നേരിടേണ്ടിവന്ന ഇ.വി. വേലു തമിഴ്നാട്ടിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ട മൂന്നാമത്തെ മന്ത്രിയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയവിഭാഗമാണ് കേന്ദ്ര അന്വേഷണ ഏജൻസികളെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഡൽഹിയിൽ മന്ത്രി ആർ.കെ. ആനന്ദിന്റെ വസതിയിൽ 23 മണിക്കൂർ നീണ്ട തിരച്ചിൽ ഇ.ഡി അവസാനിപ്പിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കള്ളപ്പണ ഇടപാട്, കസ്റ്റംസ് നികുതി വെട്ടിപ്പ് തുടങ്ങിയവ സംശയിച്ചാണ് തിരച്ചിൽ നടന്നത്.
ആം ആദ്മി പാർട്ടിക്കാരനായ ഡൽഹി മന്ത്രി ആർ.കെ ആനന്ദ് ചൈനക്ക് ഹവാല പണം കൈമാറിയിട്ടുണ്ടെന്ന് റെയ്ഡിന് ശേഷം ഇ.ഡി വിശദീകരിച്ചു. സാധനങ്ങൾ ഇറക്കുമതി നടത്തിയതിൽ ഏഴു കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും ഇ.ഡി വെളിപ്പെടുത്തി.
ജൽജീവൻ മിഷന്റെ കരാറുകളിലെ ക്രമക്കേട് അന്വേഷിക്കുന്ന ഇ.ഡിയാണ് രാജസ്ഥാനിൽ നിരവധി ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്തത്. സെപ്റ്റംബറിലും റെയ്ഡ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.