കേന്ദ്ര ബജറ്റ് നികുതിഭാരം കുറക്കുമോ
text_fieldsകേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആദായ നികുതി നിരക്കുകളിൽ എന്ത് മാറ്റം വരും എന്നതാണ്. നികുതി ബാധകമായ വരുമാന പരിധി ഉയർത്തുമെന്നും സൂചനയുണ്ട്. ഏഴുലക്ഷത്തിൽനിന്ന് എട്ടോ ഒമ്പതോ ലക്ഷമായി ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ശമ്പള വരുമാനത്തിന് നികുതി കണക്കാക്കുമ്പോൾ 50,000 രൂപ ‘സ്റ്റാൻഡേഡ് ഡിഡക്ഷൻ’ എന്ന പേരിൽ ഇളവ് ചെയ്യുന്നത് 75,000 മുതൽ ഒരു ലക്ഷം വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷ പങ്കുവെച്ചു. പുതിയ നികുതി ഘടന സ്വീകരിക്കണോ പഴയതിൽ തുടരണോ എന്ന് നികുതി ദായകർക്ക് തീരുമാനിക്കാമെന്നിരിക്കെ 2023ലെ ബജറ്റിൽ പുതിയ ഘടന സ്വീകരിച്ചവർക്ക് അടിസ്ഥാന ഒഴിവ് രണ്ടര ലക്ഷം രൂപയിൽനിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇത് 50,000 രൂപ കൂടി വർധിപ്പിച്ച് മൂന്നര ലക്ഷമാക്കാനിടയുണ്ട്. ചിലപ്പോൾ അതിലും കൂടുതലാകാം. പുതിയ ഘടന സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും നടപടികൾ ഉണ്ടാകും.
കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നികുതി ദായകർക്ക് ആശ്വാസം പകരുന്ന വലിയ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ ഇടത്തരക്കാരുടെ നികുതി ഭാരം കുറച്ച് വിപണിയിലേക്ക് കൂടുതൽ പണം എത്തിക്കണമെന്ന കാഴ്ചപ്പാടിലേക്ക് സർക്കാർ എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് സഹായകമാണ്. പൊതുതെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് ഏറ്റ തിരിച്ചടിയും മഹാരാഷ്ട്രയിലും ഹരിയാനയിലും നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ചില ജനപ്രിയ പ്രഖ്യാപനം നടത്താൻ സർക്കാറിനെ പ്രേരിപ്പിക്കും. ഇടത്തരക്കാരുടെ നികുതിഭാരം കുറക്കുന്നത് അതിൽ പ്രധാനമാണ്. നികുതി ഭാരം കുറയുമ്പോൾ നല്ലൊരു തുക അവർ ഓഹരി വിപണിയിൽ ഉൾപ്പെടെ നിക്ഷേപിക്കും. ഇത് ഓഹരി വിപണിക്ക് ഉണർവേകുന്ന കാര്യമാണ്.
എന്നാൽ, അതുമാത്രമല്ല സ്വാധീനിക്കുന്ന ഘടകം എന്ന് മറക്കരുത്. ജനപ്രിയ പ്രഖ്യാപനത്തേക്കാൾ കോർപറേറ്റ് അനുകൂല പ്രഖ്യാപനങ്ങളാണ് വിപണിക്കിഷ്ടം. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.